‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തില്‍ മൊയ്തീനെ അവതരിപ്പിച്ച പൃഥ്വീരാജും മൊയ്തീന്റെ ഇളയ സഹോദരന്‍ ബി.പി.റഷീദും കണ്ടുമുട്ടി. ചിത്രത്തിന്റെ റിലീസിനുശേഷം എന്റെ മൊയ്തീനിക്കയെ തിരിച്ചുകിട്ടിയ പ്രതീതിയെന്ന് ബി.പി.റഷീദ്.പൃഥ്വീരാജിനെ മൊയ്തീനിക്കയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വിളിച്ചപ്പോള്‍ കഥാപാത്രത്തെ മനസ്സിലേറ്റിയ നടന്‍ അതേറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് കോഴിക്കോട് മുക്കത്ത് മൊയ്തീന്‍ ജീവിച്ച കാലഘട്ടം വീണ്ടും ഇതളിട്ടത്.
തിരക്കഥയ്‌ക്കൊപ്പം മൊയ്തീനെ അടുത്തറിഞ്ഞവരുടെ അനുഭവവും കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിന് അനുഗ്രഹമായെന്ന് പൃഥ്വീരാജ് പറഞ്ഞു. ”അഭിനയിക്കുന്നതിന് മുന്‍പ് കാഞ്ചനമാലയോട് ആദ്യം അനുവാദം വാങ്ങിയിരുന്നു. ശുദ്ധമായ പ്രണയത്തിന്റെ വിജയമാണ് ഈ സിനിമ. നവാഗത സംവിധായകനായ ആര്‍.എസ്.വിമലിനെ സംഗീത സംവിധായകന്‍ രമേഷ് നാരായണനാണ് പരിചയപ്പെടുത്തിയത്” പൃഥ്വീരാജ് പറഞ്ഞു.
‘എന്ന് നിന്റെ മൊയ്തീന്‍’ തമിഴില്‍ ചിത്രീകരിക്കുന്നതായി സംവിധായകന്‍ ആര്‍.എസ്.വിമല്‍ പറഞ്ഞു. എഴുത്തുകാരന്‍ ജയമോഹനാണ് തിരക്കഥ തയ്യാറാക്കുന്നത്. സംഗീത സംവിധാനത്തിന് എ.ആര്‍.റഹ്മാന്‍ സമ്മതിച്ചിട്ടുണ്ട്. നടനെ തീരുമാനിച്ചിട്ടില്ല. ആറു കൊല്ലം മനസ്സില്‍ കൊണ്ടുനടന്ന് രൂപപ്പെടുത്തിയതാണ് തിരക്കഥയെന്നും വിമല്‍ പറഞ്ഞു.
മൊയ്തീന്റെ ആത്മകഥാ ചിത്രണമല്ല ഉദ്ദേശിച്ചത്. ആര്‍ദ്രമായ പ്രണയത്തിന്റെ ചിത്രീകരണമാണ് സിനിമയുടെ ലക്ഷ്യമെന്നും വിമല്‍ പറഞ്ഞു.
കാഞ്ചനയും മൊയ്തീനും മനസില്‍നിന്നും വിട്ടുമാറിയിട്ടില്ല. എന്ന് കാഞ്ചനയും മൊയ്തീനും മനസില്‍ നിന്നും പിന്മാറുന്നുവോ അന്ന് മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കും”. തിയറ്ററില്‍ മൂന്നുമണിക്കൂര്‍മാത്രം കാഞ്ചനയെയും മൊയ്തീനെയും പരിചയപ്പെടുന്ന പ്രേക്ഷകമനസുകളെ ഇരുവരും പിന്‍തുടരുമ്പോള്‍ ഒന്‍പത് വര്‍ഷങ്ങള്‍ കാഞ്ചനയ്ക്കും മൊയ്തീനും വേണ്ടി മാറ്റിവെച്ച വിമലിന്റെ മനസില്‍നിന്ന് അടുത്തകാലത്തെങ്ങും കാഞ്ചനയും മൊയ്തീനും പടിയിറങ്ങില്ല.
‘എന്ന് നിന്റെ മൊയ്തീന്‍’ മലയാളത്തിന് ലഭിച്ച ഒരുപക്ഷേ ഏറ്റവും നല്ല പ്രണയചിത്രമായിരിക്കും. കണ്ണീര്‍വാര്‍ത്തുകൊണ്ട് തിയറ്റര്‍ വിട്ടിറങ്ങുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ തന്നെ അതിന്റെ തെളിവ്. എന്നാല്‍ മൊയ്തീന്‍-കാഞ്ചന പ്രണയം വെള്ളിത്തിരയില്‍ ഇതിഹാസമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ പല തരത്തിലുള്ള വിമര്‍ശനങ്ങളും സംവിധായകനെ പിന്തുടരുന്നു. സംവിധായകന്‍ ആര്‍.എസ്.വിമല്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു, അല്ലെങ്കില്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടണം ?
1. സിനിമയിലെ മൊയ്തീനും കാഞ്ചനയുമല്ല ജീവിതത്തിലേത്?
മൊയ്തീന്‍ കാഞ്ചന പ്രണയത്തെ അതിഭാവുകത്വം നല്‍കിയാണ് സ്‌ക്രീനിലെത്തിച്ചത് എന്നാണ് ഒരു വിമര്‍ശനം. പക്ഷേ സിനിമ എന്ന സങ്കേതത്തിന്റെ അതിഭാവുകത്വമുള്‍പ്പേറുന്നു എന്ന ന്യായത്തില്‍ ആ വിമര്‍ശനത്തെ മറക്കാം. പക്ഷേ അപ്പോഴും ഈ കഥ പറഞ്ഞു കൊടുത്ത കാഞ്ചന സിനിമയ്ക്കു വെളിയില്‍ നില്‍ക്കുന്നു. കാഞ്ചനയോട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ച വിമല്‍ സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാട്ടുന്നത്, ‘എനിക്ക് കേട്ടറിവുള്ള എന്റെ ജ്യേഷ്ഠന്റെ കഥ’ എന്ന മൊയ്തീന്റെ അനുജന്‍ ബി.പി.റഷീദിന്റെ വാചകങ്ങളാണ്. മൊയ്തീനെയും, മൊയ്തീനുമായുള്ള പ്രണയത്തെയും പറ്റി ഏറ്റവും നന്നായി അറിവുള്ള കാഞ്ചനമാല ജീവിച്ചിരിക്കെ എന്തുകൊണ്ട് റഷീദ് ഈ കഥ പറഞ്ഞു കൊടുക്കണം? ഇനി റഷീദ് പറഞ്ഞതാണ് സിനിമയാക്കിയതെങ്കില്‍ എന്തിന് കാഞ്ചനയുമായി സംവിധായകന്‍ സംസാരിച്ചു? ഇതില്‍ നിന്നു തന്നെ മൊയ്തീനും കാഞ്ചനയും യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ അകലെയാണ് വെള്ളിത്തിരയില്‍ എന്ന് ഊഹിക്കാം.
2. വിമര്‍ശനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സംവിധായകന്‍
രാഷ്ട്രീയപരമായി സിനിമയിലുള്ള തെറ്റ് ചൂണ്ടിക്കാണിച്ചപ്പോഴും കാഞ്ചന നല്‍കിയ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോഴും സഹിഷ്ണുതയോടെ പ്രതികരിക്കുന്നതിനു പകരം വസ്തുതകളില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് വിമല്‍ ശ്രമിച്ചത്. പലചര്‍ച്ചകളിലും അദ്ദേഹം പ്രതികരിക്കാതിരിക്കുകയോ ചര്‍ച്ച ഇടയ്ക്കുവച്ച്‌നിര്‍ത്തുകയോ ചെയ്തു.
3. തന്റേതായ മാറ്റങ്ങള്‍ കഥയില്‍ വരുത്തിയിട്ടും അദ്ദേഹം അത് ഒളിച്ചുവച്ചു?
മൊയ്തീന്റെയും കാഞ്ചനയുടെയും കഥയാണ് എന്ന് പറയുമ്പോഴും സിനിമയിലെ പല സീനുകള്‍ക്കും യഥാര്‍ത്ഥ കഥയുമായി യാതൊരു ബന്ധവുമില്ല എന്ന് മൊയ്തീന്റെ ബന്ധുവും കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ പ്രമുഖനുമായ ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു. എന്നാല്‍ ഇതിനോടൊന്നും വിമല്‍ പ്രതികരിക്കുന്നില്ല. തന്റേതായ മാറ്റങ്ങള്‍ സിനിമയില്‍ വരുത്തിയെന്ന് സമ്മതിക്കാനും അദ്ദേഹം തയ്യാറാകുന്നില്ല. അപ്പോള്‍ മൊയ്തീന്‍-കാഞ്ചന എന്ന യഥാര്‍ത്ഥ പ്രണയത്തിന്റെ പേരില്‍ താനുണ്ടാക്കിയ മൊയ്തീനെയും കാഞ്ചനയെയും വില്‍ക്കാന്‍ ശ്രമിക്കുകയല്ലേ അദ്ദേഹം? അല്ലെങ്കില്‍ മൊയ്തീന്‍-കാഞ്ചന പ്രണയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടത് എന്ന് അദ്ദേഹം പറയുന്നുമില്ല.
4. കാഞ്ചനമാല ഇതുവരെ ‘സ്വന്തം പ്രണയം’ കാണാന്‍ തിയറ്ററില്‍ച്ചെന്നില്ല
2006ല്‍ ആര്‍.എസ്.വിമല്‍ മൊയ്തീന്‍-കാഞ്ചന പ്രണയെത്തെക്കുറിച്ചു ചെയ്ത ഡോക്യുമെന്ററിയാണ് ‘ജലം കൊണ്ടു മുറിവേറ്റവള്‍.’ അതില്‍ തങ്ങളുടെ കഥ കാഞ്ചന തന്നെ വിവരിക്കുന്നുണ്ട്. പക്ഷേ മൊയ്തീനു വേണ്ടി പതിറ്റാണ്ടുകള്‍ കാത്തിരുന്ന കാഞ്ചന, മൊയ്തീന്റെയും തന്റെയും പ്രണയം സിനിമയായപ്പോള്‍ അത് കാണാന്‍ ഇതുവരെ തിയറ്ററില്‍ച്ചെന്നില്ല. സിനിമയെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയില്ല.
5. കാഞ്ചന സംവിധായകനെതിരെ കൊടുത്ത കേസ്
ഇത് മൊയ്തീന്‍-കാഞ്ചന പ്രണയജീവിതത്തിലെ യഥാര്‍ത്ഥ ഏടാണ് എന്നാണ് സംവിധായകന്‍ പറയുന്നതും സിനിമയുടെ പോസ്റ്ററില്‍ വരെ കാണിച്ചിരിക്കുന്നതും. എങ്കില്‍ എന്തിന് കാഞ്ചനമാല സംവിധായകനെതിരെ കേസ് കൊടുത്തു? 2010ല്‍ കോടതിയില്‍ വച്ചാണ് താന്‍ അവസാനമായി കാഞ്ചനമാലയെ കണ്ടതെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ പറയുന്നു. എന്തുകൊണ്ട് പിന്നീടിതുവരെ അദ്ദേഹം കാഞ്ചനയെ കാണാന്‍ ശ്രമിച്ചില്ല?