ഇ പി ജയരാജനും മന്ത്രി മൊയ്തീനും പന്ത്രണ്ട് കോടി ക്വാറിമുതലാളിമാരില്‍ നിന്ന് കോഴവാങ്ങിയെന്ന് ആരോപണം

തൃശൂര്‍: ക്വാറിമാഫിയയില്‍ നിന്ന് മന്ത്രി എ.സി.മൊയ്തീനും മുന്‍ മന്ത്രി ഇ.പി.ജയരാജനും കോഴവാങ്ങിയെന്ന് മലയോരസംരക്ഷണസമിതിയുടെ ആരോപണം. നടത്തറ പഞ്ചായത്തിലെ അനധികൃത ക്വാറികളുടെയും ക്രഷറുകളുടെയും പട്ടയം റദ്ദാക്കാനുള്ള ഹൈക്കോടതിയുടെയും കളക്ടറുടെയും ഉത്തരവ് മന്ത്രി എസി മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ അട്ടിമറിച്ചതായും മലയോരസംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളപനത്തില്‍ ആരോപിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് 3 ക്രഷറുകളുടെയും 6 ക്വാറികളുടെയും പട്ടയം റദ്ദാക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ഈ മാസം 8ന് തഹസില്‍ദാര്‍ ഹിയറിംഗും നടത്തി. എന്നാല്‍ മന്ത്രി മൊയ്തീന്‍ പട്ടയം റദ്ദാക്കുന്നതിനെതിരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. ക്വാറി മാഫിയക്ക് കൂട്ട് നിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

17 നകം ഉത്തരവ് നടപ്പാക്കണമെന്ന് കളക്ടര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.സമ്മര്‍ദ്ദം ശക്തമായതിനെതുടര്‍ന്ന് തഹസില്‍ദാര്‍ ലീവ് എടുത്തു. തഹസില്‍ദാര്‍ പട്ടയങ്ങള്‍ റദ്ദാക്കുകയില്ലെന്ന് മന്ത്രി ക്വാറിമാഫിയക്ക് ഉറപ്പ് നല്‍കി.

പന്ത്രണ്ട് കോടിയോളം രൂപ എ.സി.മൊയ്തീനും ഇ.പി.ജയരാജനും കൈപ്പറ്റിയതായാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. ഇതുസംബന്ധിച്ച തെളിവുകളും രേഖകളും രണ്ടുദിവസത്തിനകം പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ക്വാറിമാഫിയക്ക് പിന്നില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വമുണ്ടെന്ന് ഒല്ലൂര്‍ എംഎല്‍എ അഡ്വ.കെ.രാജന്‍ തങ്ങളോട് പറഞ്ഞുവെന്ന് മലയോരസംരക്ഷണസമിതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ക്വാറി മാഫിയയുമായി ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞതും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.

വനഭൂമിയിലെ അനധികൃത ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ മാസങ്ങളായി സമരത്തിലാണ്. ബിജെപിനേതാവ് ഒ.രാജഗോപാല്‍ കഴിഞ്ഞ ദിവസം ക്വാറിപ്രദേശം സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.

ജോബി കൈപ്പാങ്ങന്‍, സുരേഷ് തെക്കൂട്ട്, ഷാജി കുര്യന്‍, മോഹന്‍ ഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top