തിരുവന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ കുറ്റപ്പെടുത്തി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത്.കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവിനും സര്‍ക്കാരിനെ തള്ളി പറയാനാകില്ലെന്നു ജയരാജന്‍ പറഞ്ഞു.സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും എംഎല്‍എമാരുടെ സമരം എത്രയും വേഗത്തില്‍ ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു ഇന്നു രാവിലെ വി.എസ് പറഞ്ഞത്.
പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം വി.എസിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തു.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ തയാറായില്ല.
അതേസമയം യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിരാഹാരം കിടക്കുന്ന പ്രതിപക്ഷ എം.എല്‍.എമാരെ സന്ദര്‍ശിച്ചത് ശരിയായില്ല. കേഡര്‍ പാര്‍ട്ടി അംഗത്തിന് ചേര്‍ന്ന തരത്തിലല്ല വി.എസ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ നടപടി സര്‍ക്കാറിന്‍റെ ശോഭ കെടുത്തി. പ്രതിപക്ഷം ദുര്‍ബലമായ അവസ്ഥയിലായിരുന്നു. വി.എസിന്‍റെ പിന്തുണ അവരുടെ ശക്തി വര്‍ധിപ്പിച്ചെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.