![ep-jayarajan-on-strike](https://dailyindianherald.com/wp-content/uploads/2016/05/ep-jayarajan-on-strike.jpg)
വ്യവസായ മന്ത്രി ഇ പി ജയരാജന് രാജിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം നിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ബന്ധുനിയമന വിഷയത്തിൽ കടുത്ത വിമർശനമുയർന്നതിന്റെ പശ്ചാത്തലത്തിൽ ജയരാജനോട് രാജിവയ്ക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചു.ജയരാജന് പാര്‍ട്ടിയ്ക്ക് അപമാനമാണെന്നും മാതൃകാപരമായ നടപടി വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, തോമസ് ഐസക്, എ.കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമർശനം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ നടപടിയാണ് ജയരാജൻ ചെയ്തതെന്നായിരുന്നു യോഗത്തിലെ വിമർശനം. ഇതിനു പിന്നാലെയാണ് ജയരാജന്റെ രാജി പ്രഖ്യാപനം.
ജയരാജന്റെ രാജി പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിച്ഛായ ഉയര്ത്തിപ്പിക്കിടിക്കാനെന്ന് കോടിയേരി ബാലകൃഷ്ണന്.
നിയമനം തെറ്റാണെന്നു ജയരാജന് സെക്രട്ടേറിയറ്റ് യോഗത്തില്‍ തുറന്നു സമ്മതിച്ചതായി കോടിയേരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടേയും ഗവണ്മെന്റിന്റേയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനും മറ്റു സര്‍ക്കാരുകളില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യത്യസ്തമാണെന്നു തെളിയിക്കാനും തന്നെ രാജിവയ്ക്കാന്‍ അനുവദിക്കണമെന്നു സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ഇതിന് അനുമതി നല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നിയമനങ്ങളിലെ നിയമാനുസൃതമല്ലാത്ത രീതി പുനപരിശോധിക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കോടിയേരി ചൂണ്ടിക്കാട്ടി. ഇത്തരം നിയമനങ്ങള്‍ക്കു ബോര്‍ഡ് രൂപീകരിക്കണമെന്നതും നിയമങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്നതും സ്വാഗതാര്‍ഹമാണ്.മുന്‍ സര്‍ക്കാറിന്റെ കാലത്ത് പല മന്ത്രിമാര്‍ക്കെതിരേയും എഫ്ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നു മന്ത്രിമാര്‍ രാജിവയ്ക്കുന്ന സമീപനമല്ല അവര്‍ സ്വീകരിച്ചത്. കെ. ബാബുവിനെതിരേ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജിക്കത്ത് മുഖ്യന്ത്രിക്കു നല്‍കിയെങ്കിലും അതു സ്വീകരിക്കാതെ അപ്പീല്‍ പോകാനുള്ള സൗകര്യമാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചെയ്തുകൊടുത്തത്. ഇത്തരമൊരു സാഹചരമുണ്ടാകാതിരിക്കാനാണു ജയരാജനും പാര്‍ട്ടിയും ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത് – കോടിയേരി പറഞ്ഞു.
ജയരാജനെതിരേയ സംഘടനാ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യം പിന്നീടു പാര്‍ട്ടി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നായിരുന്നു മറുപടി. ജയരാജന് കൈകാര്യം ചെയ്ത വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ജയരാജൻ എകെജി സെന്റർ വിട്ടു.വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന് നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു.