![](https://dailyindianherald.com/wp-content/uploads/2016/10/EP-J1.png)
തിരുവനന്തപുരം :സെക്രട്ടറിയേറ്റ് യോഗത്തില്‍ വിതുമ്പിക്കരഞ്ഞ് ജയരാജന്‍ .പാര്‍ട്ടിയുടെ തീരുമാനമായിരുന്നു നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തില്‍ കൊണ്ടുവരുക എന്നുള്ളത്. അതാണ് താന്‍ നിറവേറ്റിയതെന്നാണ് ഇപി സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞത്. രാജിവെച്ച ശേഷം നിര്‍വികാരതീനനായ ഇപി ജയരാജന്‍ എകെജി സെന്ററിന് പുറത്തേക്ക് പോകുബോള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിങ്ങള്‍ കേള്‍ക്കാന്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. നിങ്ങല്‍ക്ക് സന്തോഷമായില്ലേ…? എന്നു പറഞ്ഞ് അധികം പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ ജയചാനല്‍ മൈക്കുകളെ വകഞ്ഞുമാറ്റി മുന്നോട്ടു പോയി. പിന്നീട് ഉച്ചയ്ക്ക് ശേഷം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഇപിയുെ മുഖത്ത് ആ മ്ലാനത ഉണ്ടായിരുന്നു.
സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപിയെ എറ്റവും കൂടുതല്‍ വിമര്‍ശിച്ചത് എകെ ബാലനും എളമരം കരൂമുമായിരുന്നു. ഇപിയുടെ തെറ്റായ നയങ്ങള്‍ കാരണം ഇതിനുമുമ്പും പാര്‍ട്ടി പഴികേട്ടിട്ടുണ്ടെന്നും ഇത് ഇനി വെച്ച് പൊറുപ്പിക്കാനാവില്ലെന്നുമാണ് ഇരുനേതാക്കളും പറഞ്ഞത്. ഇതോടെ ഇപി പരുങ്ങലിലായി.
രാവിലെ 10 മണിയോടെയാണ് നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ തുടങ്ങിയത്. വ്യവസായ വകുപ്പിലെ നിയമനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. ജയരാജന്റെ നടപടി പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നും കോടിയേരി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. എന്നാല്‍ എന്ത് നടപടി വേണമെന്ന കാര്യം ഇതിലില്ലായിരുന്നു. പിന്നാലെ ഭൂരിപക്ഷം അംഗങ്ങളും ജയരാജന്റെ നടപടിയെ വിമര്‍ശിച്ചു.
ജയരാജന്റെ നടപടി പാര്‍ട്ടിക്ക് അപമാനമായെന്നും മാതൃകാപരമായ നടപടി വേണമെന്നും ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. ജയരാജന്‍ രാജിവച്ചേ മതിയാകൂവെന്നായിരുന്നു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി സ്വീകരിച്ച നിലപാട്. തുടര്‍ന്ന് തെറ്റ് ഏറ്റുപറഞ്ഞ ജയരാജന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാനില്ലെന്നും രാജിവെക്കുകയാണെന്നും അറിയിക്കുകയായിരുന്നു. രാജി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ മതിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. രാജിക്ക് പകരം വകുപ്പ് മാറ്റമാകാമെന്നും നിര്‍ദ്ദേശമുയര്‍ന്നു. എന്നാല്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. ജയരാജന്‍ രാജിവച്ചേ മതിയാകൂവെന്ന് പിണറായി കടുത്ത നിലപാടെടുത്തു. തുടര്‍ന്നാണ് ജയരാജന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്നും രാജി അംഗീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടത്. വികരാതീതനായാണ് ഇ പി സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസാരിച്ചത്.
വ്യവസായ മന്ത്രിസ്ഥാനം ഇ പി ജയരാജന്‍ രാജിവച്ചെന്ന വാര്‍ത്ത പുറത്തുവന്നത് ഇന്ന് ഉച്ചയോടെയാണ്. രാജിവെ സെക്രട്ടറിയേറ്റ് യോഗം ചേരുമ്പോള്‍ തന്നെ രാജിയല്ലാതെ അദ്ദേഹത്തിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അതിനിടെ ചില മാദ്ധ്യമങ്ങളില്‍ വകുപ്പുമാറ്റാന്‍ ശ്രമം നടക്കുന്നു എന്ന വിധത്തിലുമായി വാര്‍ത്തകള്‍. എന്നാല്‍, മുഖ്യമന്ത്രി കൈവിട്ടെന്ന് വ്യക്തമായതോടെ രാജിയല്ലാതെ മറ്റു വഴികള്‍ ഇ പി ജയരാജന് മുന്നില്‍ ഉണ്ടായിരുന്നില്ല. ഉച്ചയോടെ രാജിവച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. പിന്നാലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനവും നടന്നു.
ബന്ധുനിയമന വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചതോടെ ഇ.പി ജയരാജന്‍ രാജി വയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലേയ്ക്ക് പാര്‍ട്ടി നേതൃത്വം നേരത്തെ എത്തിച്ചേര്‍ന്നിരുന്നു. ബന്ധു നിയമന വിവാദം മാത്രമായിരുന്നു ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായത്. ജയരാജനെതിരെയും പികെ ശ്രീമതി എംപിക്കെതിരെയും പാര്‍ട്ടി തലത്തില്‍ സ്വീകരിക്കേണ്ട നടപടി പിന്നീട് ചര്‍ച്ച ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കേണ്ടത് സിപിഐഎം കേന്ദ്ര നേതൃത്വമാണ്.ഒരുപാട് പ്രതീക്ഷകളോടെയാണ് ഇപി ജയരാജന്‍ മന്ത്രിയായത്. മന്ത്രിസഭയിലെ കരുത്തനും കണ്ണൂരിലെ വിപ്ലവകാരിയുമായിരുന്നു ഇപി. ഇപിയെ വ്യവസായ വകുപ്പിന്റെ ചുമതല കൊടുക്കുബോള്‍ പുറത്ത് നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാനാണ് തനിക്ക് അറിയാവുന്നവരെ താക്കോള്‍ സ്ഥാനങ്ങളില്‍ നിയമിച്ചതെന്നാണ് ഇപിയുടെ ബന്ധുനിയമനങ്ങളെ കുറിച്ചുള്ള വാദം.