സ്‌പോട്‌സ് ലേഖകൻ
ലണ്ടൻ: ഇംഗ്ലീഷ് പ്രമീയർ ലീഗിൽ എവേ മത്സരത്തിന് വെസ്റ്റ്ഹാം മൈതാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗങ്ങൾക്കു നേരെ ആതിഥേയ ആരാധപരുടെ കൈയേറ്റ ശ്രമം. മാഞ്ചസ്റ്റർ ടീം എത്തിയ ബസിനു നേരെ ആരാധകർ കല്ലെറിഞ്ഞു. ബസിന്റെ ഗ്ലാസുകൾ തകർന്നെങ്കിലും കളിക്കാർക്ക് പരിക്കില്ല.
ബസിൽനിന്നിറങ്ങി ഡ്രസിങ് റൂമിലേക്കു പോവുകയായിരുന്ന കളിക്കാർക്കു നേരെയും കാണികൾ രോഷം പ്രകടിപ്പിച്ചു. പരിശീലകൻ ലൂയി വാൻഗാലുമായി വാക്കേറ്റവുമുണ്ടായി. അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ചിലർ മുതിർന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് ആരാധകരെ പിന്തിരിപ്പിച്ചത്. തുടർന്ന് മത്സരം 45 മിനിറ്റ് വൈകിയാണ് തുടങ്ങിയത്.
അപ്റ്റൻ പാർക്കിലെ അവസാന മത്സരമാണു വെസ്റ്റ്ഹാം കളിച്ചത്. മത്സരത്തിൽ വെസ്റ്റ്ഹാം 32നു ജയിച്ചു. അടുത്ത സീസൺ മുതൽ ഒളിംപിക് സ്റ്റേഡിയമായിരിക്കും വെസ്റ്റ്ഹാമിന്റെ ഹോം മൈതാനം. കഴിഞ്ഞ 112 വർഷമായി ടീമിന്റെ ഹോം ഗ്രൗണ്ടായിരുന്നു അപ്റ്റൻ പാർക്കിലെ ബോലെയ്ൻ സ്റ്റേഡിയം.