
തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ ആദ്യത്തെ പ്രതിസന്ധി ധനകാര്യം തന്നെയായിരിക്കും. കാലിയായ ഖജനാവുമായി ഭരണം തുടങ്ങേണ്ട ഗതികേടാണ് പിണറായി സര്‍ക്കാരിനുള്ളത്. 2011 ഡോ തോമസ് ഐസക് ധനമന്ത്രിയായി പടിയിറങ്ങുമ്പോള്‍ 3700ഓളം കോടി രൂപയായിരുന്നു ട്രഷറിയില്‍ മിച്ചമുണ്ടായിരുന്ന തുക.
പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പാള്‍ 2500കോടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും എത്രയും വേഗം പണം കണ്ടെത്തേണ്ടിവരുമെന്ന സ്ഥിതിയിലാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍.
മെയ് ആദ്യവാരം നല്‍കുന്ന ഏപ്രിലിലെ ശമ്പളം വൈകിയപ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഭീകരമാണെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. അധികാരത്തിലേറും മുമ്പുതന്നെ സര്‍ക്കാരിന്റെ ആദ്യ നടപടി ധനസ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കുകയാകുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനയില്ലാതിരുന്നതാണ് സര്‍ക്കാരിനെ പാപ്പരാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്നാണ് സൂചനകള്‍. കഴിഞ്ഞ വര്‍ഷം ആകെ 11 ശതമാനമാണ് നികുതി വരുമാനം വര്‍ധിച്ചത്.
സ്പാര്‍ക്കുവഴി ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ശമ്പളബില്ലുകള്‍ അതതു ട്രഷറികളില്‍ പാസാക്കിയശേഷം പേ ഓര്‍ഡര്‍ചെക്ക് ബാങ്കില്‍ നല്‍കി ശമ്പളം മാറ്റുന്ന രീതി നിറുത്തലാക്കി പകരം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കാന്‍ തീരുമാനിച്ചുകൊണ്ടാണ് കഴിഞ്ഞമാസം സര്‍ക്കാര്‍ പ്രതിസന്ധി തല്‍ക്കാലം മറികടന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഓരോ വിഭാഗങ്ങളിലുമുള്ള ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി ശമ്പളം നല്‍കി വരികയായിരുന്നു.
മുഴുവന്‍ ജീവനക്കാര്‍ക്കും ഒരുമിച്ച് ശമ്പളം നല്‍കിയാല്‍ ഖജനാവ് പൂട്ടേണ്ടിവരുമെന്ന് സ്ഥിതിവന്നപ്പോഴാണ് സര്‍ക്കാര്‍ ഈ തന്ത്രം പയറ്റിയതെന്നാണ് സൂചന. പുതിയ പിണറായി സര്‍ക്കാര്‍ ആദ്യമായി നേരിടാന്‍പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുക എന്നതുതന്നെയായിരിക്കും.
സാമ്പത്തികവര്‍ഷത്തിന്റെ അവസാന നാളില്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ട്രഷറി കാലിയായി. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തു. ഇന്ധനം നിറയ്ക്കാന്‍ കാശില്ലാതെ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ മെയ് ആദ്യവാരം പെരുവഴിയിലായ സ്ഥിതിയുണ്ടായി.
932 കോടിയുടെ നീക്കിയിരുപ്പുമായാണ് മാര്‍ച്ചുമാസം ആദ്യം ട്രഷറി പ്രവര്‍ത്തനം തുടങ്ങിയത്. സഹകരണബാങ്കുകളില്‍നിന്ന് 78 കോടി രൂപ നിക്ഷേപമായും വാണിജ്യനികുതി വരവ് 600 കോടി രൂപയും ലഭിച്ചെങ്കിലും ഇത് ആകെ വേണ്ട തുകയുടെ അടുത്തുപോലും എത്തിയില്ല. ഇതോടെ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. യുഡിഎഫ് ഭരണനേതൃത്വമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന അഥോറിറ്റികള്‍ക്കും ബില്ലുകള്‍ ട്രഷറിയിലേക്ക് നല്‍കേണ്ടതില്ലെന്ന് രഹസ്യമായി നിര്‍ദ്ദേശം നല്‍കിയാണ് തല്‍ക്കാലം സര്‍ക്കാര്‍ മാര്‍ച്ചി്ല്‍ തടിതപ്പിയത്.
2400 കോടിയുടെ കുടിശ്ശികയില്‍ ഒരു രൂപപോലും കരാറുകാര്‍ക്ക് നല്‍കിയില്ല. സാധാരണനിലയില്‍ മാര്‍ച്ച് 31ന് അര്‍ധരാത്രി കഴിഞ്ഞാലും പ്രവര്‍ത്തിക്കാറുള്ള ട്രഷറികള്‍ ഇത്തവണ വൈകിട്ടോടെ അടച്ചുപൂട്ടി. കേന്ദ്ര നികുതി വിഹിതമായി എല്ലാ മാസവും കിട്ടുന്ന വിഹിതത്തില്‍നിന്ന് മുന്‍കൂര്‍ (വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്) കൈപ്പറ്റിയായിരുന്നു പിന്നീട് സര്‍ക്കാരിന്റെ നിത്യച്ചെലവ് നടന്നത്. സ്ഥിതി ഇത്രയും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ധവളപത്രമിറക്കാന്‍ ഒരുങ്ങുന്നത്.
വാണിജ്യനികുതി, എക്‌സൈസ്, മോട്ടോര്‍ വാഹന നികുതി, രജിസ്‌ട്രേഷന്‍ എന്നീ ഇനങ്ങളില്‍ 201314ല്‍ ഉണ്ടായ വര്‍ധന വെറും 6.38 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ജൂലായ് മുതല്‍ ഈ ജൂലായ് വരെയുള്ള ഒരു വര്‍ഷത്തെ വളര്‍ച്ചനിരക്ക് വെറും 9.65 ശതമാനം മാത്രമാണെന്നിരിക്കെ നികുതിവരുമാനത്തില്‍ ഇനിയും 1300 കോടിയുടെ കുറവുണ്ടാകുമെന്ന സ്ഥിതിയാണിപ്പോള്‍.
ഇങ്ങനെ പോയാല്‍ റവന്യൂകമ്മി 16,353 കോടിമുതല്‍ 23,274 കോടിവരെയാകാം എന്നതാണ് തോമസ് ഐസകും പിണറായി സര്‍ക്കാരും നേരിടുന്ന പ്രധാന വെല്ലുവിളി. സഭയില്‍ തോമസ് ഐസക് തന്നെ ഇത് പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും നിയമനനിരോധനവും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കലും അടക്കമുള്ള താല്‍ക്കാലിക പ്രതിവിധികളാണ് ധനവകുപ്പ് മുന്നോട്ടുവച്ചതെന്നതാണ് മറ്റൊരു വിരോധാഭാസം.