പിശാച് ബാധിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിച്ച നൈജീരയന്‍ കുരുന്ന് വീണ്ടും പുതയി ജീവിതത്തിലേയ്ക്ക്. പുഴുവരിക്കുന്ന മുറിവുകളുമായി തെരുവില്‍ കഴിഞ്ഞ കുട്ടിയെ ഒരു ചാരിറ്റി വര്‍ക്കറാണ് കണ്ടെത്തി രക്ഷിച്ചത്. പുതിയ ജീവതത്തിലേക്ക് കടന്ന ആ കുരുന്നിന്റെ ചിത്രങ്ങള്‍ ലോകമെങ്ങും വൈറലാവുകയാണ്.
ഈ കുട്ടിയെ ജനുവരി 31 നായിരുന്നു ആഫ്രിക്കയില്‍ കഴിയുന്ന അന്‍ജ റിന്‍ഗറെന്‍ ലോവെന്‍ എന്ന ഡാനിഷ് ചാരിറ്റി വര്‍ക്കര്‍ തെരുവില്‍ നിന്ന് രക്ഷിച്ചത്. അന്ന് ഇവര്‍ തെരുവില്‍ വച്ച് കുട്ടിക്ക് തന്റെ ബോട്ടിലിലെ കുടിവെള്ളം പകര്‍ന്ന് കൊടുക്കുന്നതും അത് കുട്ടി ആര്‍ത്തിയോടെ കുടിക്കുന്നതുമായ ചിത്രത്തിന് ലോകമാകമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ പ്രചാരമാണ് ലഭിച്ചിരുന്നത്. ഹോപ്പ് എന്നാണ് ഈ ആണ്‍കുഞ്ഞിനെ ഇപ്പോള്‍ വിളിക്കുന്നത്.ഇപ്പോള്‍ കുഞ്ഞിനുണ്ടായിരിക്കുന്ന അത്ഭുതകരമായ പുരോഗതിയുടെ ചിത്രങ്ങള്‍ ലോവെന്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. കുഞ്ഞ് ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്നുവെന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.
മാതാപിതാക്കള്‍ ഉപേക്ഷിച്ച ശേഷം എട്ട് മാസങ്ങളാണ് ഈ കുട്ടി തെരുവില്‍ കിടന്ന് നരകിച്ചത്. കുട്ടിയെ കണ്ടെത്തിയ പാടെ ലോവെന്‍ വെള്ളത്തിന് പുറമെ ഭക്ഷണവും നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയെ തുണിയില്‍ പൊതിഞ്ഞെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ശരീരത്തിലെ പുഴുവരിക്കുന്ന മുറിവുകള്‍ ഉണക്കാനുള്ള മുറിവായിരുന്നു ആദ്യം നല്‍കിയിരുന്നത്. തുടര്‍ന്ന് ദിവസവും രക്തം കയറ്റുകയും ചെയ്തിരുന്നു. ഹോപ്പിന്റെ ചികിത്സയ്ക്കായി ലോവെന്‍ പൊതുജനങ്ങളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി അവര്‍ക്ക് ലോകമെമ്പാടും നിന്ന് ഒരു മില്യണ്‍ ഡോളറാണ് സംഭാവനയായി ലഭിച്ചിരുന്നത്. ഏട്ടാഴ്ചയ്ക്ക് ശേഷം ഹോപ്പിന്റെ നില അത്ഭുതകരമായാണ് മാറിയത്. നഷ്ടപ്പെട്ട ഭാരം കുട്ടിക്ക് തിരിച്ച് കിട്ടുകയും ഇപ്പോള്‍ മറ്റ് കുട്ടികളോടൊപ്പം ചിരിച്ച് കളിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ചയാണ് ഹോപ്പിന്റെ പുതിയ ചിത്രങ്ങള്‍ ലോവെന്‍ പുറത്ത് വിട്ടിരിക്കുന്നത്. ഹോപ്പ് ഇപ്പോള്‍ ജീവിതം ആസ്വദിക്കുയാണെന്നും അവനിപ്പോള്‍ ചില്‍ഡ്രന്‍സ് സെന്ററില്‍ 35 പുതിയ സഹോദരീ സഹോദരന്മാരുണ്ടെന്നും എല്ലാവരും അവന് നല്ല പരിചരണവും ശ്രദ്ധയും നല്‍കി വരുന്നുണ്ടെന്നും ലോവെന്‍ എഴുതിയിരിക്കുന്നു.ഹോപ്പിന് ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട് നേരിയ പ്രശ്‌നങ്ങളുള്ളതിനാല്‍ അടുത്ത ആഴ്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നുണ്ട്.
മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ലോവെന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. പിശാച് ബാധ ആരോപിച്ച് മാതാപിതാക്കള്‍ ഒഴിവാക്കുന്നതും അവഗണിക്കുന്നതും കൊല്ലുന്നതുമായി കുട്ടികളെ ഇവര്‍ ഏറ്റെടുത്ത് പരിപാലിക്കുന്നുണ്ട്.താന്‍ രക്ഷിക്കുന്ന കുട്ടികളെ പാര്‍പ്പിക്കാനായി ലോവെന്‍ ഒരു ചില്‍ഡ്രന്‍സ് സെന്ററും സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി ഒരു കെട്ടിടം പണിഞ്ഞ് ക്ലിനിക്ക് സ്ഥാപിച്ച് ഡോക്ടറെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. തങ്ങളുടെ ഓര്‍ഫനേജിനായി ലോവെനും ഭര്‍ത്താവ് ഡേവിഡ് ഇമാനുവേലും ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കാനാരംഭിച്ചിട്ടുണ്ട്.