കോഴിക്കോട്: ഡിവൈഎഫ് ഐയുടേയും എസ് എഫ് ഐയുടേയും സംഘടനാ ചരിത്രത്തില്‍ നിര്‍ണ്ണായകമാണ് കുത്ത്പറമ്പ് രക്തസാക്ഷിദിനം. എന്നാല്‍ അന്നേ ദിവസം േേദശാഭിമാനിയുടെ പരിപാടിയില്‍ കോമഡി ഷോ നടത്തുന്നതില്‍ വിവാദം പുകയുന്നു. കൂത്തുപറമ്പു രക്തസാക്ഷി ദിനമായ നവംബര്‍ 25നാണ് അക്ഷരമുറ്റം ക്വിസ് പരിപാടിയുടെ ഭാഗമായി ദേശാഭിമാനി കോമഡി ഷോ നടത്തുന്നത്.
ഇതിനെതിരെയാണു കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായാണ് സിനിമാ താരം ഹരിശ്രീ അശോകന്റെ നേതൃത്വത്തിലുള്ള കോമഡി ഷോ സംഘടിപ്പിച്ചത്.
എന്നാല്‍, യുവജന പ്രസ്ഥാനത്തിന്റെയും പാര്‍ട്ടിയുടേയും ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ദിനമായ നവംബര്‍ 25 ന് കോമഡി ഷോ സംഘടിപ്പിക്കുന്നത് ശരിയല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. പരിപാടി മാറ്റിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ പരിപാടി മാറ്റി വെക്കാനാവില്ലെന്നാണു ദേശാഭിമാനി നിലപാട് എടുത്തത്.
ഇതിനു പിന്നാലെയാണു നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്‌ഐയുടെ പേരിലാണ് നഗരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ദേശാഭിമാനി കോഴിക്കോട് ഓഫീസിന്റെ മതിലിലും സമീപത്തുമായാണ് പോസ്റ്ററുകള്‍ ഒട്ടിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ കോമഡി ഷോ സംഘടിപ്പിച്ചത് രക്തസാക്ഷികളെ വിലയിടിച്ചു കാണിക്കുന്നതാണെന്നും പാര്‍ട്ടി ഇടപെട്ട് ദേശാഭിമാനിയെ തിരുത്തണമെന്നുമാണ് പോസ്റ്ററിലുള്ളത്. സംഭവത്തെ കുറിച്ച് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.