മന്ത്രി ഇടപെട്ടു പ്രശ്നത്തിന് പരിഹാരമായി മണർകാട് – പട്ടിത്താനം – ഏറ്റുമാനൂർ ബൈപ്പാസ് ഡിസംബറിൽ പൂർത്തിയാകും

കോട്ടയം:
മണർകാട് – പട്ടിത്താനം – ഏറ്റുമാനൂർ ബൈപ്പാസ് റോഡിൻ്റെ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്ഥലം സന്ദർശിച്ച് നിർമാണ ജോലികൾ വിലയിരുത്തി. നിർമാണം പൂർത്തീകരിക്കുന്നതിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥല ഉടമകളുമായി ചർച്ച നടത്തി. ഭൂമി വിട്ടുകിട്ടുന്നതിന് ഏകദേശ ധാരണയായി. ഡിസംബർ 31 നകം ബൈപ്പാസ് നിർമാണം പൂർത്തീകരിക്കാൻ മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിന് ചൊവ്വാഴ്ച മുതൽ നടപടിയാരംഭിക്കാനും നിർദ്ദേശിച്ചു. ഇതിനാവശ്യമായ തുക പൊതുമരാമത്ത് വകുപ്പ് നൽകും.12.6 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബൈപ്പാസിൻ്റെ 1.8 കിലോമീറ്റർ റോഡാണ് ഇനി പൂർത്തീകരിക്കാനുള്ളത്. 65 ശതമാനം നിർമാണ പ്രവർത്തികളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. അരികുചാലുകൾ, കലുങ്കുകൾ എന്നിവയുടെ 95 ശതമാനവും പൂർത്തീകരിച്ചു. ടാറിങ് ജോലികളാണ് അവശേഷിക്കുന്നത്. ഇവ അടിയന്തരമായി പൂർത്തീകരിക്കാൻ സത്വരനടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

Top