യൂനിസ് കൊടുങ്കാറ്റില്‍ യൂറോപ്പില്‍ കനത്ത നാശനഷ്ടം. കൊടുങ്കാറ്റില്‍ എട്ട് പേര്‍ മരിച്ചു. പടിഞ്ഞാറന്‍ യൂറോപ്പില്‍ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 30 കാരി കാറിന് മുകളില്‍ മരം വീണ് മരിച്ചു. ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്.
വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ 50 വയസുകാരനും മരിച്ചു. ബ്രിട്ടന് അപ്പുറം, നെതര്‍ലന്‍ഡ്സില്‍ മരം വീണു മൂന്നു പേരും തെക്കുകിഴക്കന്‍ അയര്‍ലന്‍ഡില്‍ 60 വയസുള്ള ഒരാളും മരിച്ചു. ബെല്‍ജിയത്തില്‍ 79 വയസുള്ള ഒരു കനേഡിയന്‍ മരിച്ചു. നെതര്‍ലന്‍ഡ്സിന്റെ വടക്കന്‍ പ്രവിശ്യയായ ഗ്രോനിംഗനില്‍ അഡോര്‍പ്പിന് സമീപം റോഡിന് കുറുകെ വീണ മരത്തില്‍ കാര്‍ ഇടിച്ച് ഒരു വാഹനയാത്രികന്‍ മരിച്ചു.
ലണ്ടനിലെന്നപോലെ, തെക്കന്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നിരവധി സ്‌കൂളുകള്‍ അടച്ചു, തീവണ്ടിയാത്ര സ്തംഭിച്ചു. ഉയര്‍ന്ന തിരമാലകള്‍ തീരത്ത് കടല്‍ഭിത്തികള്‍ തകര്‍ത്തു. അതേസമയം കാറ്റ് മൂലം ഇംഗ്ലണ്ടിലെ 1,40,000-ലധികം വീടുകളിലേക്കും അയര്‍ലണ്ടിലെ 80,000 പ്രോപ്പര്‍ട്ടികളിലേക്കും വൈദ്യുതി മുടക്കിയെന്ന് യൂട്ടിലിറ്റി കമ്പനികള്‍ പറഞ്ഞു.