സ്‌പോട്‌സ് ലേഖകൻ
മാഴ്‌സ: പ്രമുഖ ടൂർണമെന്റുകളിലൊന്നും കപ്പടിക്കാൻ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേരിൽ കുടുങ്ങിക്കിടക്കുന്ന ഇംഗ്ലണ്ടിനു യൂറോയിൽ സമനിലത്തുടക്കം. തോൽവിയുടെയും വിജയത്തിന്റെയും ഇടയിൽ നിന്നു ഇൻജ്വറിയില്ലാതെ സമനിലയുമായി ഇൻജ്വറി ടൈം ഗോളിൽ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു ഇംഗ്ലണ്ട്. ഇതോടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ മുന്നോട്ടുള്ള പ്രയാണം ദുർഘടമായി. ഗ്രൂപ് ‘ബി’യിൽ കളിയുടെ 73ാം മിനിറ്റിൽ എറിക് ഡിയറിന്റെ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലത്തെിയ ഇംഗ്‌ളണ്ടിനെ നിലംപരിശാക്കി ഇഞ്ചുറി ടൈമിൽ ഡെനിസ് ഗുൽഷകോവാണ് സമനില പിടിച്ചത്. ഇരു പക്ഷത്തുനിന്നുമായി പിറന്ന രണ്ട് ഗോളിനേക്കാൾ നഷ്ടപ്പെടുത്തിയ ഒരു ഡസനോളം അവസരങ്ങളായിരുന്നു കളിയുടെ ഹൃദയം കവർന്നത്. വെയ്ൻ റൂണി, ഹാരികെയ്ൻ, റഹിം സ്റ്റർലിങ്, ആഡം ലല്ലാന എന്നിവരെ പ്‌ളെയിങ് ഇലവനിൽ ഇറക്കിയ കോച്ച് റോയ് ഹോഡ്‌സന്റെ മനം പോലെതന്നെ ഇംഗ്‌ളീഷുകാർ കളം വാണു. പക്ഷേ, എല്ലാം മുമ്പേ ഗണിച്ചെടുത്ത റഷ്യ കോട്ടകെട്ടിയ പ്രതിരോധവുമായി എതിരാളിയെ പിടിച്ചുകെട്ടി.