സിറിയയില്‍ നിന്നും തിരികെയെത്തിയ 1750 തീവ്രവാദികള്‍ യൂറോപ്പിലാതെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഏത് നിമിഷവും ബോംബ്സ്ഥോടനത്തില്‍ തകരുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. യൂറോപ്യന്‍യൂണിയന്റെ ഒരു റിപ്പോര്ട്ടാണീ മുന്നറിയിപ്പേകിയിരിക്കുന്നത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 5000ത്തോളം ജിഹാദികല് സിറിയയിലേക്കും ഇറാഖിലേക്കും ഐസിസിന് വേണ്ടി പോരാടാന്‍ പോയിട്ടുണ്ട്. ഇവരില്‍ 15 മുതല്‍ 20 ശതമാനം വരെയുള്ളവര്‍ അവിടുത്തെ യുദ്ധത്തിനിടെ മരിച്ചിട്ടുമുണ്ട്.
എന്നാല്‍ ഇവരില്‍ 35 ശതമാനം പേര് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇവരില്‍ ചിലര്‍ പ്രത്യേക ആക്രമണ ദൗത്യങ്ങള്‍ യൂറോപ്പില്‍ നടപ്പിലാക്കാനാണ് തിരിച്ചെത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലേക്ക് പോയ യൂറോപ്യന്‍ ഭീകരരില്‍ 50 ശതമാനം പേര് ഇപ്പോഴും അവിടെ പോരാട്ടത്തിലാണ്. ഈ യൂറോപ്യന്മാരുടെ എണ്ണം 2000ത്തിനും 2500നും ഇടയിലാണ്. സിറിയയിലെയും ഇറാഖിലെയും തങ്ങളുടെ സ്വയം പ്രഖ്യാപിത കലീഫറ്റിന്റെ കീഴിലായിരുന്ന പ്രദേശങ്ങള്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സേനകള്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ജിഹാദികള്‍ ഇത്തരത്തില്‍ യൂറോപ്പിലേക്ക് കൂട്ടത്തോടെ പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ബെല്‍ജിയം കഴിഞ്ഞ മാസം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. തിരിച്ച് വരന്ന 1750 പേരുടെ വിശദാംശങ്ങള്‍ യൂറോപ്യന്‍ യൂണിയന് കൗണ്ടര്‍-ടെററിസം കോഓഡിനേറ്ററായ ഗില്ലെസ് ഡി കെര്ചോവ്ഇന്ന് യൂറോപ്യന്‍ യൂണിന് ഇന്റീരിയര്‍ മിനിസ്റ്റര്‍മാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതാണ്.
രണ്ട് തരത്തിലുള്ള ഭീകരരാണ് ഇത്തരത്തില്‍ മടങ്ങിയെത്തിയിരിക്കുന്നതെന്ന് പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇവരില്‍ ഭൂരിപക്ഷം പേരും മിഡില്‍ ഈസ്റ്റില്‍ പിടിച്ച് നില്ക്കാന് സാധിക്കാത്തെ തിരിച്ച് വന്നവരാണ്. എന്നാല്‍ മറ്റ് ചിലര്‍ പ്രത്യേക ആക്രമണ ദൗത്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി വന്നവരാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.ഇറാഖിലും സിറിയയിലും ജനിച്ച് വളര്‍ന്നവരും ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലുള്ളവരുമായ ചില സ്ത്രീകളും കുട്ടികളും തീവ്രവാദവല്‍ക്കരണത്തിന് വിധേയമായിരിക്കുന്നതിനാല് അവരും കടുത്ത ഭീഷണിയാണുയര്ത്തുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ യൂറോപ്പിലേക്ക് തിരിച്ചെത്തുന്ന ഭീകരരില്‍ പലരും ജയിലില്‍ കഴിഞ്ഞവരാണെന്നുംസൂചനയുണ്ട്. ഇപ്പോള്‍ മടങ്ങിയെത്തുന്നവരില്‍ ഭീകരാക്രമണം നടത്തി വിജയിച്ചവരും പരാജയപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസില്‍ നടത്തിയ കൂട്ടക്കൊലയിലും ഈ വര്‍ഷം മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടത്തിയ ബോംബാക്രമണത്തിലും ഭാഗഭാക്കായവര്‍ ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. ഈ രണ്ട് ആക്രമണങ്ങളുടെയും പുറകില്‍ തങ്ങളാണെന്ന് ഐസിസ് അവകാശപ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ തിരിച്ചെത്തുന്ന ജിഹാദികള്‍ സോഷ്യല്‍ മീഡിയ വഴി മിഡില്‍ ഈസ്റ്റിലെ ഐസിസുമായുള്ള ബന്ധം തുടരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ എന്‍ക്രൈപ്റ്റഡ് മെസേജിങ് സര്‍വീസായ ടെലിഗ്രാമും ഇവര്‍ രഹസ്യ ആശയവിനിമയത്തിനായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്.