സ്‌പോട്‌സ് ലേഖകൻ
ലണ്ടൻ: തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്‌സ്പർ, ബൊറൂസിയ ഡോർട്ട്മുണ്ട്, വലൻസിയ തുടങ്ങിയ ടീമുകൾ യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടറിലെത്തി.
ലണ്ടനിലെ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഡാനിഷ് ക്ലബായ മിഡ്‌ലാൻഡിനെ തകർത്താണ് മാഞ്ചസ്റ്റർ അവസാന 16ൽ ഇടംപിടിച്ചത്. ആദ്യപാദത്തിൽ 21ന് പരാജയപ്പെട്ട യുണൈറ്റഡ് രണ്ടാം പാദത്തിൽ അതിഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. കളിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയത് യുണൈറ്റഡായിരുന്നെങ്കിലും ആദ്യ ഗോൾനേടിയത് മിഡ്‌ലാൻഡായിരുന്നു. 27ാം മിനിറ്റിൽ സിസ്‌റ്റോയാണ് ലീഡ് നേടിക്കൊടുത്തത്.
ലീഡ് വഴങ്ങിയതോടെ യുണൈറ്റഡ് ആക്രമണങ്ങളുടെ തിരമാല തീർത്തു. എന്നാൽ 32ാം മിനിറ്റിൽ നിക്കോളായ് ബൊഡുറോവിന്റെ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് സമനില സ്വന്തമാക്കി. പിന്നീട് ആദ്യപകുതിയിൽ ഗോളുകൾ വീഴാതിരുന്നതോടെ 11ന് സമനിലയിൽ.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്തുമായാണ് യുണൈറ്റഡ് താരങ്ങൾ സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയത്. അരങ്ങേറ്റക്കാർ റാഷ്‌ഫോർഡും പരിചയസമ്പന്നരായ ഡീപേയും മാട്ടയും അരങ്ങുതകർത്തതോടെ എപ്പോൾ വേണമെങ്കിലും ഗോൾ വീഴുമെന്ന നിലയിലായി കളി. തുടർച്ചയായി അവസരങ്ങൾ തുലച്ചുകളഞ്ഞശേഷം 62ാം മിനിറ്റിൽ യുണൈറ്റഡ് ലീഡ് നേടി. ജുവാൻ മാട്ടയുടെ പാസ് സ്വീകരിച്ച മാർക്കസ് റാഷ്‌ഫോഡ് ബോക്‌സിനുള്ളിൽ നിന്ന് പായിച്ച വലംകാലൻ ഷോട്ട് വലയിൽ കയറി. 75ാം മിനിറ്റിൽ റാഷ്‌ഫോഡ് തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാം ഗോളും നേടി.
87ാം മിനിറ്റിൽ ആന്ദ്രെ ഹെരേര യുണൈറ്റഡിന് അനുകൂലിച്ച പെനാൽറ്റി ഗോളാക്കിയതോടെ 41ന് മുന്നിൽ. 89ാം മിനിറ്റിൽ മിഡ്‌ലാൻഡിന്റെ ആന്ദ്രെ റോമർ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പും കണ്ട് പുറത്തുപോയി. തുടർന്ന് ലഭിച്ച ഫ്രീകിക്ക് മെംഫിസ് ഡീപേ വലയിലെത്തിച്ചതോടെ യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർത്തിയായി. ഇതിനിടെ ജുവാൻ മാട്ട യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ഇരുപാദങ്ങളിലുമായി 63 എന്ന ക്രമത്തിലാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തിൽ സീരി എ ടീമായ ഫിയോറന്റീനയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ടോട്ടനം പ്രീ ക്വാർട്ടറിലെത്തിയത്. ടോട്ടനത്തിന് വേണ്ടി 25ാം മിനിറ്റിൽ റയാൻ മാസൺ, 63ാം മിനിറ്റിൽ ലമേല എന്നിവർ സ്‌കോർ ചെയ്തപ്പോൾ മൂന്നാം ഗോൾ ഫിയോറന്റീനയുടെ ഗൊൺസാലോ റോഡ്രിഗസിന്റെ ദാനമായിരുന്നു. ആദ്യപാദത്തിൽ 11ന് സമനില പാലിച്ച ടോട്ടനം ഇരുപാദങ്ങളിലുമായി 41ന്റെ വിജയവുമായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
ജർമ്മൻ ക്ലബ് എഫ്‌സി ആഗ്‌സ്ബർഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ലിവർപൂളിന്റെ മുന്നേറ്റം. കളിയുടെ അഞ്ചാം മിനിറ്റിൽ ജോൺ മിൽനർ പെനാൽറ്റിയിലൂടെ ലിവർപൂളിന്റെ വിജയഗോൾ നേടി. ആദ്യപാദം ഗോൾരഹിത സമനിലയിലായിരുന്നു.
എഫ്‌സി പോർട്ടോയെ കീഴടക്കിയായിരുന്നു ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. ഇന്നലെ എവേ മത്സരത്തിൽ 10ന്റെ വിജയം നേടിയ ബൊറൂസിയ ഇരുപാദങ്ങളിലുമായി 30ന്റെ ആധികാരിക വിജയമാണ് പോർട്ടോക്കെതിരെ സ്വന്തമാക്കിയത്. പോർട്ടോയുടെ സ്പാനിഷ് ഇതിഹാസ ഗോളിയായ ഇകർ കാസിലാസിന്റെ സെൽഫ് ഗോളാണ് ബൊറൂസിയക്ക് വിജയം നേടിക്കൊടുത്തത്.
ഇരുപാദങ്ങളിലുമായി റാപ്പിഡ് വിയന്നക്കെതിരെ 100ന്റെ തകർപ്പൻ വിജയവുമായാണ് സ്പാനിഷ് ക്ലബ് വലൻസിയ മുന്നേറിയത്. രണ്ടാം പാദത്തിൽ 40ന്റെ വിജയം നേടിയ വലൻസിയ ആദ്യപാദത്തിൽ 60നും വിജയിച്ചിരുന്നു. സ്പാനിഷ് ക്ലബ് അത്‌ലറ്റികോ ബിൽബാവോയും ഫ്രഞ്ച് ക്ലബ് മാഴ്‌സെലെയും തമ്മിലുള്ള രണ്ടാം പാദം 11ന് സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യപാദത്തിൽ നേടിയ 10ന്റെ വിജയത്തിന്റെ കരുത്തിൽ ബിൽബാവോ അവസാന 16ൽ ഇടംപിടിച്ചു.
മറ്റൊരു മത്സരത്തിൽ ബല്ലാർബി നേടിയ ഇരട്ട ഗോളിന്റെ കരുത്തിൽ ബയേർ ലെവർക്യുസൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്‌പോർട്ടിങിനെ കീഴടക്കി. ആദ്യ പാദം 11ന് സമനിലയിൽ പിരിഞ്ഞെങ്കിലും ഇരുപാദങ്ങളിലുമായി 41ന്റെ വിജയവുമായി ലെവർക്യുസൻ പ്രീ ക്വാർട്ടറിലെത്തി.
തുർക്കി ക്ലബ് ഗലറ്റസാരയെ ഇരുപാദങ്ങളിലുമായി 42ന് പരാജയപ്പെടുത്തി ലാസിയോയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആദ്യപാദത്തിൽ 11ന് സമനില പാലിച്ച ലാസിയോ രണ്ടാം പാദത്തിൽ സ്വന്തം മണ്ണിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗലറ്റസാരയെ കീഴടക്കിയായിരുന്നു മുന്നോട്ടു കുതിച്ചത്.
നാപ്പോളിയെ ഇരുപാദങ്ങളിലുമായി 21ന് പരാജയപ്പെടുത്തി വിയ്യാറയലും ആൻഡർലക്റ്റ് ഇരുപാദത്തിലുമായി 31ന് ഒളിമ്പിയാക്കോസിനെയും സെവിയ ഇതേ മാർജിനിൽ മോൾഡെയെയും ഫെനർബാഷെ ഇതേ സ്‌കോറിന് മോട്ടീവ് മോസ്‌കോയെയും ഷക്തർ 30ന് ഷാൽക്കയെയും പരാജയപ്പെടുത്തി അവസാന 16ൽ ഇടംപിടിച്ചു. അതേസമയം സെന്റ് എറ്റിനെയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ബാസലും എഫ്‌കെ ക്രാസ്‌നോഡറിനെ 30ന് പരാജയപ്പെടത്തി സ്പാർട്ട പ്രാഗും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്.