കാട്ടാക്കട:വിശ്വസിക്കാനാവുമോ ചാത്തനേറും പ്രേതാദ്മാക്കളുണ്ടെന്നും ? ഇന്നലെ കാട്ടാക്കിടയില്‍ തടിച്ചുകൂടിയ ജയ്നത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും ഇല്ലാ എന്ന് തറപ്പിച്ചു പറയാനാവുന്നില്ല . കാട്ടാക്കടയിലെ വീട്ടില്‍ അദൃശ്യ ശക്തിയുടെ ആക്രമണമെന്നാണ് ആരോപണവും പരാതിയും ഉണ്ടായിരിക്കുന്നത്.. മംഗലയ്ക്കല്‍ പ്ലാവൂരില്‍ തട്ടാം വിളാകം സുരേഷിന്റെ വീട്ടിലാണ് നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തരാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന അച്ചാര്‍ കുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളില്‍ വീണുടയുകയും, മേശപ്പുറത്തിരുന്ന അയണ്‍ ബോക്‌സ് പത്തടിയോളം ദൂരത്തു തെറിച്ചു വീഴുകയും, ഹാളില്‍ കിടന്നിരുന്ന കസേര തെറിച്ചു മാറുകയും ചെയ്തുവെന്ന് വീട്ടമ്മയായ രാഗിണി പറഞ്ഞു.
ഈ സമയങ്ങളില്‍ വീട്ടില്‍ താനും ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയായ മകന്‍ ഗോവിന്ദും മാത്രമാണ് ഉണ്ടണ്ടായിരുന്നത്. എന്നും ചില സമയങ്ങളില്‍ ഭര്‍ത്താവായ സുരേഷും സംഭവങ്ങള്‍ക്കു സാക്ഷിയാണെന്നും ഇവര്‍ പറഞ്ഞു.
ഒരാഴ്ചയായി വീടിനുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതായും ശബ്ദം കേട്ട ഭാഗത്തു നോക്കുമ്പോള്‍ ഒന്നും കണ്ടെത്താന്‍
സാധിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. അതെ സമയം കഴിഞ്ഞ ദിവസം മീന്‍ പാകം ചെയ്യാനായി അടുപ്പില്‍ വച്ച് അടുത്ത മുറിയില്‍ പോയ സമയം പാത്രത്തോടെ മീന്‍ കറി നിലത്തു വീണിരുന്നതായും ഇവര്‍ പറയുന്നു. ഇന്നലെയോടെ കൂടുതല്‍ സംഭവങ്ങള്‍ കണ്ടതോടെയാണ് ഇവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുവീടിനുള്ളില്‍ പരിശോധന നടത്തവേ വെള്ളം നിറച്ച പാത്രം ഇയാളുടെ ശരീരത്തില്‍ വീണതായും ഇവര്‍ പറഞ്ഞു.
ചാത്തനേറ് എന്ന് വാര്‍ത്ത പരന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ അന്തരീക്ഷത്തിലൂടെ പറന്നെത്തിയ സ്‌പോര്‍ട്‌സ് വാച്ചു ചന്ദിക ലേഖകന്റെ തലയില്‍ വീണ് പരിക്കേറ്റു. എവിടെ നിന്ന് വാച്ചു വന്നെന്നോ ആരാണ് എറിഞ്ഞതെന്നോ അറിയാതെ സംഭവ സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ്, പഞ്ചായത്തു അംഗങ്ങള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് സ്ഥലത്തു എത്തിയ കാട്ടാക്കട പൊലീസ് എസ് എച് ഓ ബിജുകുമാര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കെത്താനായില്ല. വീട്ടുകാരെയും നാട്ടുകാരില്‍ ചിലരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വീട്ടുകാരോട് വീട് പൂട്ടി മറ്റൊരിടത്തേക്ക് തല്‍ക്കാലം മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
സംഭവ സ്ഥലത്തു നിന്നും പിരിഞ്ഞു പോകാന്‍ നാട്ടുകാരോടും ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോഴും സംഭവ സ്ഥലത്തേക്ക് ജനപ്രവാഹം തുടരുകയും സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. വീട്ടുകാര്‍ വൈകുന്നേരമായപ്പോഴേയ്ക്കും തിരികെയെത്തി പൊലീസിനെ വിവരം അറിയിച്ചു. കാട്ടാക്കട പൊലീസ് വീണ്ടും സ്ഥലത്തെത്തിയതോടെയാണ് ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞത്.