
മുൻ യുവമോർച്ച പ്രവർത്തകൻ കള്ളനോട്ട് കേസിൽ വീണ്ടും പിടിയിൽ. ഇത്തവണ അമ്പത്തിനാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായിട്ടാണ് കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി വീട്ടിൽ രാഗേഷ് പിടിയിലായത്. മൂന്നാമത്തെ തവണയാണ് രാഗേഷ് കള്ളനോട്ട് കേസിൽ പിടിയിലാകുന്നത്.
അന്തർസംസ്ഥാന കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാഗേഷെന്ന് പോലീസ് പറയുന്നു. അന്തിക്കാട് പോലീസാണ് ഇത്തവണ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുള്ള 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് സഹായികളായ രണ്ടുപേരെയും കാരമുക്കിൽ വച്ച് അന്തിക്കാട് എസ്ഐ കെജെ ജിനേഷിന്റെ നേതൃത്വത്തിൽ പോലിസ് പിടികൂടുന്നത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കൂടി പിടികൂടിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാഗേഷിന് പിടിവീഴുന്നത്.
നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് കേസടക്കം രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. ക്രൈം നമ്പർ 686/19 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമം 489ബി, 489സി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ എൻഐഎ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാദ പ്രവർത്തനമാണ്.
എന്നാൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് മൂന്ന് തവണ പോലിസ് പിടിയിലായെങ്കിലും യുവമോർച്ച മുൻ നേതാവിനെതിരേ എൻഐഎ അന്വേഷണം നടക്കാത്തത് വ്യാപക ചർച്ചയായിരിക്കുകയാണ്.