
സ്പെഷ്യൽ റിപ്പോർട്ടർ
തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചു പണിയിൽ അസ്വസ്ഥരായി ഭയപ്പെട്ട് സംസ്ഥാനത്തെ ബാർ ഉടമകളും ഒരു വിഭാഗം എക്സൈസ് ഉദ്യോഗസ്ഥരും. സംസ്ഥാന പൊലീസിലെ രണ്ടാം ഘട്ട അഴിച്ചു പണിയോടെ എക്സൈസ് കമ്മിഷണർ സ്ഥാനത്ത് എത്തിയിരിക്കുന്നത് കേരള പൊലീസിലെ ഏറ്റവും മിടുക്കനായ ഐപിഎസ് ഓഫിസർ ഋഷി രാജ് സിങ് ഐപിഎസ് ആണ് ഇപ്പോൾ എക്സൈസ് കമ്മിഷണറായി എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ ഇടതു സർക്കാർ അധികാരത്തിലെത്തിയാൽ തുറക്കുമെന്ന പ്രചാരണത്തെ അതിജീവിച്ചാണ് സർക്കാർ അധികാരത്തിൽ എത്തിയത്. ഇടതു സർക്കാരിനു വേണ്ടി പ്രചാരണത്തിൽ മുന്നിൽ നിന്നത് ബാർ ഉടമകളാണെന്ന രീതിയിലായിരുന്നു കോൺഗ്രസിന്റെയും യുഡിഎഫിന്റെ പ്രചാരണങ്ങളെല്ലാം. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന രീതിയിൽ ചില ബാർ ഉടമകളും പ്രചാരണം നടത്തിയിരുന്നു. എന്നാൽ, സർക്കാർ അധികാരത്തിൽ എത്തി ഒരു മാസം തികയും മുൻപ് ബാർ ഉടമകളെ ഞെട്ടിക്കുന്ന ഒരു തീരുമാനമാണ് എക്സൈസ് വകുപ്പിൽ നിന്നു വന്നിരിക്കുന്നത്. എക്സൈസ് കമ്മിഷണറായി എഡിജിപി ഋഷിരാജ് സിങ് ഐപിഎസിനെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഇതോടെ മദ്യത്തിന്റെ കാര്യത്തിൽ സർക്കാർ ശക്തമായ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്നു ഇതോടെ ഉറപ്പായിക്കഴിഞ്ഞു.
എഡിജിപി അനിൽകാന്താണ് ഋഷിരാജ് സിങ്ങിനു പകരം ജയിൽ ഡിജിപിയായി നിയമിതനാകുന്നത്. സോളാർ കേസ് അന്വേഷിച്ച എഡിജിപി എ.ഹേമചന്ദ്രനും ഇന്റലിജൻസ് മേധാവിയുടെ കസേരയിൽ നിന്നു തെറിച്ചു. പകരം ഈ പോസ്റ്റിലേയ്ക്കു കേരളത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ.ശ്രീലേഖയെയാണ് നിയമിച്ചിരിക്കുന്നത്. ഉത്തരമേഖലാ എഡിജിപിയായി അനിൽകാന്തിനെ നിയമിച്ചപ്പോൾ എറണാകുളം റേഞ്ച് ഐജിയായി എസ്.ശ്രീജിത്തിനെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജിയായിരുന്ന മഹിപാൽയാദവിനെ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി നിയമിച്ചു. ഡിഐജി പി.വിജയനു പൊലീസ് പരിശീലനത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്. നിതിൻ അഗർവാളാണ് ആംഡ് പൊലീസ് ബറ്റാലിയന്റെ എഡിജിപിയാകുന്നത്.
ട്രെയിനിൽ മദ്യപിച്ചു കുടുംബത്തെ ആക്രമിച്ച ഐ.ജി ജയരാജിനെ മനുഷ്യാവകാശകമ്മിഷനിലേയ്ക്കു മാറ്റിയപ്പോൾ, കോപ്പിയടി വിവാദത്തിൽ കുടുങ്ങി എംജി സർവകലാശാല ഡീബാർ ചെയ്ത എ.ജി ടി.ജെ ജോസിനെ പൊലീസ് ആസ്ഥാനത്തു നിയമിച്ചു. സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായി സ്ഥാനം നഷ്ടമായ ഐജി കെ.പത്മകുമാറിനെ കെഎസ്ഇബി വിജിലൻസ് ഓഫിസറായാണ് നിയമിച്ചത്.