സ്വന്തം ലേഖകൻ
മുംബൈ: മൂന്നു വർഷം മുൻപ് മരിച്ചയാൾക്ക് സ്ഥലംമാറ്റം നൽകിയ നടപടിയേത്തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിവാദത്തിൽ. മൂന്നു വർഷം മുൻപ് മരിച്ച എക്‌സൈസ് ഇൻസ്‌പെക്ടർ സന്ദീപ് മാരുതി സബലിനാണ് സർക്കാർ സ്ഥലംമാറ്റം നൽകിയത്. ഇതു സംബന്ധിച്ച ഉത്തരവിൽ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഫഡ്‌നാവിസ് ഒപ്പിട്ടതാണ് വിവാദം കത്തിപ്പടരാൻ കാരണം. ഖോലപൂരിൽ നിന്നു നാസിക്കിലേക്ക് സന്ദീപിനെ സ്ഥലം മാറ്റിയിരിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. അടിയന്തരമായി നാസിക്കിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവിലെ നിർദേശം.
വിവാദം മൂർഛിച്ചതോടെ സംഭവുമായി ബന്ധപ്പെട്ട് ഒരു ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ അടിയന്തരമായി ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്നു വർഷം മുൻപ് നടന്ന റോഡപകടത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. അതിനു ശേഷം തനിക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് സന്ദീപിന്റെ ഭാര്യ, വകുപ്പിലെ ഉന്നത ഉദ്യോസ്ഥരെ സന്ദർശിക്കുകയും ചെയ്തിരുന്നു. 220 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് അടുത്തിടെ നടത്തിയ സ്ഥലം മാറ്റത്തിൽ വൻതോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്‌ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.