16 പാക്ക് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തി പുറത്താക്കപ്പെട്ട ചാരന്‍

ന്യൂ‍ഡല്‍ഹി:ചാരപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍നിന്ന് തിരിച്ചയയ്ക്കപ്പെട്ട പാക്ക് ഹൈക്കമ്മിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍, ചാരന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന 16 പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതായി ഡല്‍ഹി പൊലീസ്. മെഹ്മൂദ് അക്തറിനെ പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കും മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരുടെ പേരുവിവരങ്ങള്‍ മെഹ്മൂദ് വെളിപ്പെടുത്തിയത്.

അതിര്‍ത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഇവര്‍ ചാരന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതത്രേ. അതേസമയം, മെഹ്മൂദ് നല്‍കിയ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ഉറപ്പുലഭിക്കുന്ന മുറയ്ക്ക്, ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ബിഎസ്എഫ് സേനാവിന്യാസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മെഹ്മൂദ് അക്തര്‍ ഉള്‍പ്പെടെയുള്ള ചാരന്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയ പ്രദേശവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അവിടെയെത്തി. ചാരവൃത്തിക്ക് ഡല്‍ഹി പൊലീസ് പിടികൂടിയ രാജസ്ഥാന്‍ സ്വദേശികളായ മൗലാനാ റംസാനും സുഭാഷ് ജാംഗീര്‍, ഷോയിബ് എന്നിവരും സംഘത്തിനൊപ്പമുണ്ട്. ചാരന്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് സംശയിക്കുന്ന രണ്ടുപേരേക്കൂടി പിടികൂടിയതായാണ് വിവരം. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

മെഹ്‌മൂദ് അക്‌തറിനെയും രാജസ്‌ഥാന്‍കാരായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെയും കഴിഞ്ഞ ബുധനാഴ്‌ചയാണു ചാരപ്രവര്‍ത്തനത്തിനു ഡല്‍ഹി പൊലീസ് പിടികൂടിയത്. വീസ ഏജന്റ് ഷോയബ് ഹസനെ ജോധ്പൂരി‍ല്‍നിന്നാണ് പിടികൂടിയത്. പടിഞ്ഞാറന്‍തീരത്തെ സൈന്യവിന്യാസത്തെയും ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് അക്‌തര്‍ ഇന്ത്യക്കാരായ കൂട്ടാളികളില്‍നിന്നു ശേഖരിച്ചതെന്നാണു വ്യക്‌തമായിട്ടുള്ളത്. വിവരങ്ങള്‍ നല്‍കുന്നതിന് 50,000 രൂപയാണത്രേ അക്‌തര്‍ കൂട്ടാളികള്‍ക്കു വാഗ്‌ദാനം ചെയ്‌തത്. നയതന്ത്രപരിരക്ഷയുള്ള ഉദ്യോഗസ്ഥനായതിനാല്‍ മെഹ്മൂദ് അക്തറിനെ അനഭിമതനായി പ്രഖ്യാപിച്ച് പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചിരുന്നു.

Top