ഇസ്രയേല്‍ :ഗോലിയാത്തിനെ അടക്കം ചെയ്ത സെമിത്തേരി കണ്ടെത്തി. ചരിത്ര ഗവേഷകരുടെ ഈ കണ്ടെത്തല്‍ അജ്ഞാതമായിരിക്കുന്ന പലതും മറനീക്കി പുറത്തുവരുമെന്നുറപ്പാണ്.പുരാതന കാലത്തെ അപരിഷ്‌കൃത സമൂഹങ്ങളുടെ സെമിത്തേരി ഗവേഷകര്‍ കണ്ടെത്തിയപ്പോഴാണ് ഈ ചരിത്ര കണ്ടെത്തല്‍ ഉണ്ടായത് . കഴിഞ്ഞ ജൂണ്‍ 28 നാണ് ഈ സെമിത്തേരി കണ്ടെത്തിയത്. ഇസ്രായേലിലെ അഷ്‌കലോന്‍ നാഷണല്‍ പാര്‍ക്കില്‍ ചരിത്രസംബന്ധിയായ ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് സെമിത്തേരി കണ്ടെത്തിയത്. ഹവാര്‍ഡ് സര്‍വകലാശാല, ബോസ്റ്റണ്‍ കോളേജ്, വീറ്റണ്‍ കോളേജ്, അലാബമിയിലെ ട്രോയി സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബൈബിളില്‍ പറയപ്പെടുന്ന പഴയ സംഭവങ്ങളോടു സാദൃശ്യമുള്ളതാണ് പുതിയ കണ്ടെത്തലുകളെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇത്രയും കാലത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു ചരിത്രശേഖരം കണ്ടുപിടിക്കപ്പെടുന്നത്. അവസാനം ചരിത്രത്തില്‍ പോലും പൂര്‍ണമായി അവശേഷിക്കാത്ത ഒരു സമൂഹവുമായി നാം മുഖാമുഖം വന്നിരിക്കുന്നു ; സംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനും വീറ്റണ്‍ കോളേജ് ആര്‍ക്കിയോളജി പ്രൊഫസറുമായ ഡാനിയേല്‍ എം മാസ്റ്റര്‍ പ്രതികരിച്ചു. അടക്കം ചെയ്യപ്പെട്ട ശരീരങ്ങളോടൊപ്പം ആഭരണങ്ങളും പെര്‍ഫ്യൂം ഓയിലുകളും ഉണ്ടായിരുന്നു. ഇവര്‍ക്ക് സ്വന്തമായി സംസ്‌കാരവും കലകളും ഉണ്ടായിരുന്നിരിക്കണം എന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. ബൈബിളില്‍ പറയുന്ന ദാവീദും ഗോലിയാത്തുമൊക്കെ ഈ സമൂഹത്തില്‍ ഉണ്ടായിരുന്നവര്‍ ആയിരിക്കുമെന്ന് കരുതപ്പെടുന്നു.ചില ശരീരങ്ങളില്‍ ബ്രേസ്ലെറ്റുകളും കമ്മലുകളും ഉണ്ടായിരുന്നു. മറ്റു ചിലതില്‍ ആയുധങ്ങള്‍. നവജാതശിശുക്കളുടെ എല്ലുകള്‍ അടക്കം ചെയ്ത പാത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍ ഗ്രീസ്, സൈപ്രസ്, അനാറ്റോലിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളതാവാമെന്നും അതിനാല്‍ തന്നെ ഇവര്‍ ഈ ഈജിയന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കാമെന്നും കരുതപ്പെടുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കും വരെ പഠനഫലങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഡാനിയേല്‍ പറഞ്ഞു.