ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണക്കാരുടെ പട്ടികയില്‍ അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായ് എന്നിവരും. 500 ഓളം ഇന്ത്യക്കാരുടെ പേരുവിവരങ്ങളാണ് ചോര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണ് നിര്‍ണായക രേഖകള്‍ ചോര്‍ന്നത്.
അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, കോര്‍പ്പറേറ്റ് ഭീമനും ഡി.എല്‍.എഫ് ഉടമ കെ.പി.സിംഗ്, അദ്ദേഹത്തിന്റെ ഒന്‍പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്.
കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി. ഫോന്‍സെക്കയുടെ കൈവശമുള്ള ഒരു കോടിയിലധികം വരുന്ന രഹസ്യ രേഖകളാണ് പുറത്തായത്. ഇന്ത്യയുള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണ നിക്ഷപകരുടെ വിശദാംശങ്ങളാണ് പുറത്തായ രേഖകളിലുള്ളത്.
വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ചാണ് പ്രമുഖര്‍ കള്ളപ്പണം നിക്ഷേപിച്ചത്. 500 ഇന്ത്യക്കാരാണ് വ്യാജ കമ്പനികളുടെ പേരില്‍ വിദേശരാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചതായി രേഖകളിലുള്ളത്.
ഐശ്വര്യാ റായി, മാതാപിതാക്കളും സഹോദരനും അടക്കം ചേര്‍ന്ന് 2005ല്‍ രജിസ്റ്റര്‍ ചെയ്ത അമിക് പാര്‍ട്ട്‌ണേഴ്‌സ് എന്ന കമ്പനിയുടെ പേരിലും അമിതാഭ് ബച്ചന്‍ 1993ല്‍ ആരംഭിച്ച നാലു ഷിപ്പിംഗ് കമ്പനികളുടെ പേരിലുമാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിര്‍ജിന് ഐലന്‍ഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.ലോകത്തെ പല കമ്പനി ഉടമകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇവിടെ നേരിട്ടോ ബിനാമി പേരിലോ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 1100 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തു വന്നിരുന്നു. കള്ളപ്പണ നിക്ഷപകരായ ഇന്ത്യക്കാരെ കണ്ടെത്താനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല.