ചെന്നൈ : കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹേതര ബന്ധം ശരിവെച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്ലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്നാല്‍, അതേ കോടതിവിധിപ്രകാരം ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.
ജോണ്‍ പോളും പുഷ്പലതയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രണ്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ് ജോണ്‍. ഇവര്‍ക്കു ഒരു മകളുണ്ട്. പുഷ്പലത ടിബി രോഗിയാണ്. രോഗം കണ്ടെത്തിയ ശേഷം ഭര്‍ത്താവ് തന്നില്‍നിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോട് പരാതി പറഞ്ഞിരുന്നു.
ജോണ്‍ പോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പുഷ്പലതയ്ക്ക് വിവരം കിട്ടി. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ വൈകിയെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത പറഞ്ഞു. എന്നാല്‍, വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്ന് ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്താണ് പുഷ്പലത ആത്മഹത്യ ചെയ്തത്.