ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ; അതിര്‍ത്തിയില്‍ വിമാനമിറക്കി

ന്യൂഡല്‍ഹി :ശക്തി കാണിച്ച് ഇന്ത്യ . ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന മെച്ചുകയില്‍ വ്യോമസേനയുടെ ചരക്കുവിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം. അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലെ മെച്ചുകയില്‍ വ്യോമസേനയുടെ സി–17 വിമാനമാണ് പറന്നിറങ്ങിയത്. ആദ്യമായാണ് ഇവിടെ ഒരു വിമാനമിറങ്ങുന്നത്. സമുദ്രനിരപ്പില്‍ നിന്നു 6200 അടി ഉയരത്തിലാണ് മെച്ചുക സ്ഥിതിചെയ്യുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും കേവലം 29 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം.

തൊഴിലുറപ്പു പദ്ധതി പ്രകാരം ചൈനീസ് അതിര്‍ത്തിയില്‍ കനാല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞു മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യോമസേനാ വിമാനം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ പറന്നിറങ്ങിയത്. പര്‍വതമേഖലകളിലും താഴ്‍വാരങ്ങളിലും ദൂരപ്രദേശങ്ങളിലും വിമാനമിറക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ കഴിവാണ് മെച്ചുകയിലെ സി–17ന്റെ ലാന്‍ഡിങ് വഴി തെളിയിക്കപ്പെടുന്നതെന്ന് വ്യോമസേന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ചരക്കു കൈമാറ്റത്തിനായി വ്യോമസേന ഉപയോഗിക്കുന്ന ഭീമന്‍ വിമാനമാണ് സി–17. 17.75 ടണ്‍ ഭാരം വരെ വഹിക്കാന്‍ ഈ വിമാനത്തിനു സാധിക്കും.
പുതിയ നീക്കത്തിലൂടെ അടിയന്തരസാഹചര്യങ്ങളില്‍ ചൈനീസ് അതിര്‍ത്തിയില്‍ ചരക്ക് നീക്കത്തിനും സൈനികരെ എത്തിക്കാനുമെല്ലാം ഇനി മെച്ചുകയിലെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് വ്യോമസേനയ്ക്ക് ഉപയോഗിക്കാം. അസമിലെ ദിബ്രുഗഢില്‍ നിന്നും 500 കിലോ മീറ്റര്‍ അകലെയാണ് മെച്ചുക. നിലവില്‍ രണ്ട് ദിവസത്തിലേറെ യാത്ര ചെയ്താല്‍ മാത്രമേ ഇവിടെ നിന്നു റോഡു മാര്‍ഗം മെച്ചുകയില്‍ എത്താന്‍ സാധിക്കൂ. പലപ്പോഴും റോഡുകള്‍ തകര്‍ന്ന നിലയിലുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top