
സ്വന്തം ലേഖകൻ
കോട്ടയം: കുമരകത്തും പരിസരത്തും സി.പി.എം ബി.ഡി.ജെ.എസ് സംഘർഷം നിലനിൽക്കുന്നതിനിടെ ഫെയ്‌സ് ബുക്കിലൂടെ പ്രാദേശിക നേതാവിന്റെ മകന്റെ പരസ്യമായ ഭീഷണിയും പോർവിളിയും. രണ്ടു യുവാക്കളുടെ ചിത്രത്തിൽ കഴുത്തിനു ചുറ്റും അടയാള വളയത്തോടെയുളള പോസ്റ്റ് ഇതിനകം തന്നെ അക്രമരാഷ്ട്രീയത്തിന് കരുത്തുപകരുമെന്ന വിമർശനത്തിനിടയാക്കി കഴിഞ്ഞു. ‘തിരുവാർപ്പ് മലരിക്കൽ നമ്മളുടെ സഖാക്കളെ വെട്ടിപരിക്കേൽപ്പിച്ച ബി.ഡി.ജെ.എസ് ചെറ്റകൾ’ എന്ന പോസ്റ്റാണ് വിവാദമാകുന്നത്. രണ്ടു യുവാക്കളുടെ ചിത്രത്തിനു താഴെയാണ് ഈ പ്രകോപനപരമായ വരികൾ. ഈ പോസ്റ്റിന് ശേഷം കണ്ണൂരിലെ ജയരാജ പുത്രൻ ശൈലിയുളള വധഭീഷണിയുളള പോസ്റ്റ് വന്നെങ്കിലും വൈകാതെ അത് പിൻവലിച്ചു.ഇതിനു പിന്നിലുളള അപകടം ബോധ്യപ്പെട്ടതോടെയായിരിക്കണം പോസ്റ്റ് നീക്കം ചെയ്തതതെന്ന് കരുതുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന അന്നു രാത്രി മുതൽ തിരുവാർപ്പ്, കുമരകം മേഖലകളിൽ സി.പി.എം ബി.ഡി.ജെ.എസ് സംഘർഷത്തിലാണ്. ഇവിടെ ദിവസങ്ങളായി നിരോധനാജ്ഞയിലുമാണ്. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽപ്പെട്ട ഈ പ്രദേശങ്ങൾ സിപിഎമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. ഏറ്റുമാനൂർ മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി എജി തങ്കപ്പന്റെ രംഗപ്രവേശം ബി.ഡി.ജെ.എസിനെ ഉഷാറാക്കി. ഇവിടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ഡി.ജെ.എസ്. എന്നാൽ സി.പി.എം സ്ഥാനാർഥി സുരേഷ് കുറുപ്പ് ജയിച്ചതോടെ ബി.ഡി.ജെ.എസ് തീർത്തും പ്രതിരോധത്തിലായി.ഇതോടെ പലയിടത്തും ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും ഉടലെടുക്കുകയായിരുന്നു.
തിരുവാർപ്പ് കാഞ്ഞിരം മലരിക്കൽപ്രദേശത്ത് സിപിഎം പ്രവർത്തകരെ അക്രമിച്ച കേസിൽ ബി.ജെ.പി ബി.ഡി.ജെ.എസ് പ്രവർത്തകരായ ഏഴു പേരെ കുമരകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാന്ത് , ബിനു , ജിനു , ഹരീഷ് , അരുൺ , ബിജു , അനന്തു , എന്നിവരാണ് പിടിയിലായത്. ഇവരെ കോട്ടയം വെസ്റ്റ് സി.ഐ യുടെ മുൻപിൽ ഹാജരാക്കിയ ഇവരെ താമസിയാതെ റിമാന്റ് ചെയ്തു. പോലീസ് കേസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഫേസ് ബുക്കിലുടെയുളള പോർവിളി.