
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാമുകൻ തിരുവനന്തപുരത്തുണ്ടെങ്കിൽ കാമുകി ബംഗാളിൽ നിന്നും വരും എന്നു പഠിച്ചിരിക്കുകയാണ് തിരുവനന്തപുരം പൊലീസ്. ഫേയ്‌സ്ബുക്കിലൂടെ പ്രണയത്തിൽ കുടുങ്ങിയ കാമുകനെ കാണാൻ ബംഗാൾ സ്വദേശിയായ വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ട്രെയിൻ കയറിയെത്തുകയായിരുന്നു.
വട്ടിയൂർക്കാവ് സ്വദേശിയാണ് കഥയിലെ നായകൻ. ഫേസ്ബുക്കിലൂടെയുള്ള പ്രണയലഹരി പോരാഞ്ഞ് നായിക നേരെ ട്രെയിൻ കയറി. അങ്ങ് ബംഗാളിലെ ഹുബ്ലിയിൽ നല്ലൊരു ഭർത്താവും ഏഴു വയസുള്ള പെൺകുട്ടിയും ഇവർക്കുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത എഫ്ബി കാമുകന്റെ മധുരമൂറുന്ന വാക്കു കേട്ടാണ് കേരളത്തിലേക്ക് വച്ചുപിടിപ്പിച്ചത്.
തലസ്ഥാനത്തെത്തി ഭർത്താവിനെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഫേസ്ബുക്കിലും രക്ഷയില്ല. എന്തു ചെയ്യുമെന്നന്വേഷിച്ച് പോലീസ് കൺട്രോൾ റൂമിലെ വനിതാ ഹെൽപ്‌ലൈൻ സെല്ലിലെത്തിയതോടെയാണ് കഥയാകെ മാറുന്നത്. കഥാനായകനെ തപ്പി പോലീസ് നെട്ടോട്ടമായി. ഒടുവിൽ ആളെക്കുറിച്ച് വിവരം കിട്ടി. പല തട്ടിപ്പു കേസുകളിലും പിടിയിലായിട്ടുള്ള ഇയാൾ ഇപ്പോൾ സെൻട്രൽ ജയിലിൽ തടവിലാണ്. ഇയാളുടെ സ്ഥിരം പണിയാണത്രേ പെൺപിള്ളേരേ സോഷ്യൽമീഡിയ വഴി വലയിലാക്കുന്നത്. എന്തായാലും കഥാനായിക കരഞ്ഞു മടുത്തു നാട്ടിലേക്കു ട്രെയിൻ കയറിയിട്ടുണ്ട്. ഇനി എന്താകുമെന്ന് കണ്ടറിയാം.