
മെഡിക്കൽ കോഴ വിവാദത്തിലകപ്പെട്ട ബിജെപിയെയും സംസ്ഥാന നേതാക്കളെയും കണക്കിന് പരിഹസിച്ച് മന്ത്രി എംഎം മണി. ഫേസ്ബുക്ക് കുറിപ്പ്.
സർവ്വത്ര കോഴമയം എന്ന പേരിലാണ് എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മെഡിക്കൽ കോളേജ്, പെട്രോൾ പമ്പ് എന്നിവ മുതൽ വ്യാജ രസീത് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്ന് കോടികളാണ് ഇക്കൂട്ടർ സമ്പാദിക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.
കൈരളി പീപ്പിൾ ചാനലിൽ മെഡിക്കൽ കോഴ വിവാദം ചർച്ച ചെയ്യുന്നതിനിടെയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സുധീഷ് മിന്നിയുടെ കരണക്കുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞത്. കോഴ വിവാദത്തിൽ ചാനൽ ചർച്ചകളിൽ രൂക്ഷമായി പ്രതികരിക്കുന്ന ശോഭാ സുരേന്ദ്രന്റെ പേരെടുത്ത് പറയാതെയാണ് മണി പരിഹസിച്ചിരിക്കുന്നത്.
കോഴ വിവരം പുറത്തുവന്നപ്പോൾ പ്രതികരിച്ച ചില രാഷ്ട്രീയ നേതാക്കളുടെ പല്ല് അടിച്ച് കൊഴിക്കാൻ ബിജെപി നേതൃത്വം ഒരു മഹതിയെ തുറന്നുവിട്ടിരിക്കുകയാണെന്നും മണിയുടെ പോസ്റ്റിലുണ്ട്.തുറന്നുവിട്ട ഈ മഹതിയെ ഉത്തരവാദിത്വപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ അവരുടെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്നും മണി മുന്നറിയിപ്പ് നൽകുന്നുണ്ട്.
സാധാരണക്കാർ ദുരിതത്താണെങ്കിലും, ബിജെപിയിലെ സംസ്ഥാന നേതാക്കൾ അച്ഛാ ദിൻ വന്നുവെന്നാണ് മണി പറഞ്ഞത്. മുൻപ് വോട്ട് വിറ്റ് വിശപ്പടക്കിയവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ കച്ചവടത്തിന്റെ പുതിയ മേഖലകളാണ് തുറന്നു കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
മുൻപ് വോട്ട് വിറ്റ് വിശപ്പടക്കിയവർക്ക് കച്ചവടത്തിന്റെ പുതിയ മേഖലകളാണ് മോദിജി തുറന്ന് കൊടുത്തത്. സാധാരണക്കാരന് ദുരിതത്തിലാണെങ്കിലും ബി.ജെ.പി. സംസ്ഥാന കമ്മിറ്റിക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ അച്ഛാദിന്‍ ആഗയാ എന്നും പോസ്റ്റിൽ പറയുന്നു.
കോഴയെക്കുറിച്ചുള്ള റിപ്പോർട്ട് ചോർന്നപ്പോൾ റിപ്പോർട്ടിൽ പരാമർശിച്ച കോഴക്കാരെ സംരക്ഷിച്ചും റിപ്പോർട്ട് ചോർത്തിയവരെ പുറത്താക്കിയും കുമ്മനം ജി സകല അഴിമതിക്കാർക്കും മാതൃകയായെന്നും എംഎം മണി പരിഹസിക്കുന്നുണ്ട്.
കേരളത്തിലെ ജയിലുകള്‍ക്ക് ഇത് സുവര്‍ണ്ണ കാലമാണ്. പീഡനക്കേസില്‍ അഴിക്കുള്ളിലായ ജനപ്രിയ നായകനും, ജനപ്രതിനിധിക്കും ഒപ്പം സെല്ലുകള്‍ പങ്കിടാന്‍ ഈ കോഴവീരന്മാര്‍ക്കും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു എന്നു പറഞ്ഞാണ് മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.