കാക്കനാട്: സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇന്നലെ അതിഥികളായെത്തിയത് നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയ നസീമും ആയിരുന്നു. താര ദമ്പതിമാര്‍ക്കായി വന്‍ സ്വീകരണം നടത്തിയ ടെക്കികള്‍ക്ക് അവരുടെ പ്രണയത്തിന്റെ നേര്‍ സാക്ഷികളാകാനും കഴിഞ്ഞു.
കൊക്കൂണ്‍11 പരിപാടിയുടെ പ്രചാരണമാണ് ഇന്നലെ നടന്നത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷമാണ് വേദിയില്‍ ചിരിപടര്‍ത്തിയ മറ്റൊരു സംഭവമുണ്ടായത്. ഉദ്ഘാടനം കഴിഞ്ഞയുടനെ അവിടെ നിന്നും സ്ഥലം വിടാന്‍ നോക്കിയ നസ്രിയയെ ഫഹദ് ചേര്‍ത്ത് പിടിച്ച് കൂടെ നിര്‍ത്തി. പിന്നീട് തന്റെ ഭാര്യയെ ഒരു കൈ കൊണ്ട് ചേര്‍ത്ത് നിര്‍ത്തിയാണ് സംസാരിച്ചത്. പ്രസംഗം കഴിയുന്നതുവരെ ഫഹദിന്റെ കൈയ്യും പിടിച്ച് നസ്രിയയും നിന്നു. ഫഹദിന്റെയും നസ്രിയയുടെയും പ്രണയം തുളുമ്പുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വീട്ടില്‍ നിന്നും വരുന്ന വഴി തന്നോട് നസ്രിയെ ചോദിച്ചതായും ഫഹദ് പറഞ്ഞു. ‘ഹൈടെക്കായ എല്ലാ മേഖലകളിലും തട്ടിപ്പ് വര്‍ധിച്ചു. ബാങ്കിങ് മേഖലയിലെ തട്ടിപ്പ് നിത്യസംഭവമായി. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണ്’- ഫഹദ് പറഞ്ഞു. കേരള പോലീസ്, ജിടെക്, ഐ.ടി. മിഷന്‍, എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പോലീസിങ് ഓഫ് സൈബര്‍ സ്പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.