![](https://dailyindianherald.com/wp-content/uploads/2017/11/fahad_fazil.jpg)
ആഡംബര വാഹനങ്ങള്‍ക്ക് നികുതിവെട്ടിപ്പ് നടത്തിയ സംഭവം വാർത്തയായതിന് പിന്നാലെ നടൻ ഫഹദ് ഫാസിൽ തന്റെ കാറുകളുടെ നമ്പർ പ്ലേറ്റ് എടുത്തുമാറ്റിയ നിലയിൽ. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍മാത്രം പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വാഹന ഉടമകളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഉടമകളാരും കേരളത്തിലില്ലെന്നാണ് ഫ്ലാറ്റിൽനിന്ന് മറുപടി ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കാറുടമകള്‍ നിസ്സഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫഹദിന്റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പോണ്ടിച്ചേരിയില്‍ ലേസ് പോര്‍ട്ടിലുള്ള ഫഹദിന്റെ വീടിന് മുകളിലത്തെ നിലയുടെ വിലാസത്തിലാണ് ബെന്‍സ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്നാണ് വീട്ടുടമ പറയുന്നത്. ഫഹദ് ഫാസില്‍, നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നടി അമലപോളും സമാനരീതിയില്‍ നികുതി വെട്ടിച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നായിരുന്നുറിപ്പോര്‍ട്ടുകള്‍. അമലയുടെ കാറിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പറഞ്ഞത്. അമല ഉപയോഗിക്കുന്ന എ ക്ലാസ് ബെന്‍സാണ് പോണ്ടിച്ചേരി രജിസ്ട്രഷനില്‍ കേരളത്തില്‍ ഓടുന്നത്. സുരേഷ് ഗോപിക്കെതിരെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു.