മലപ്പുറം: മതം മാറിയ യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്ന പത്തോളം പോരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിനു ശേഷം വിവിധ സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഇവരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു വരും. ബന്ധുക്കളും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുമായ പ്രതികളാണ് ഇവരെന്നാണ് സൂചന.
പിടിയിലായവരെല്ലാം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. പിടിയിലായവരുടെ കൂട്ടത്തില്‍ ബിജെപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അംഗവും ആര്‍എസ്എസ് നേതാവുമായ ദിനേശന്‍, ആര്‍എസ്എസ് നേതാവും ഫൈസലിന്റെ ബന്ധുവുമായ സജീഷ് എന്നിവരുമുണ്ട്. സജീഷിന്റെ വല്യച്ചന്റെ മകനാണ് ഫൈസലിന്റെ സഹോദരിയെ വിവാഹം ചെയ്തിട്ടുള്ളത്. ഇവരിപ്പോള്‍ മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
തിരൂരങ്ങാടി പുല്ലാണി അനന്തകൃഷ്ണന്‍ നായര്‍, മീനാക്ഷി ദമ്പതികളുടെ മകന്‍ ഫൈസലി (33)നെ ശനിയാഴ്ച പുലര്‍ച്ചയാണ് മതമൗലിക വാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചതും ഭാര്യയെയും കുട്ടികളെയും തന്റെ മതത്തിലേക്കു കൊണ്ടു വരികയും ചെയ്തതാണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രകോപിപ്പിച്ചത്.
മതം മാറിയതിനെ ചൊല്ലി ഫൈസലിന് സഹോദരനടക്കമുള്ള ബന്ധുക്കളില്‍ നിന്നും ഭീഷണികളുണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. സംശയമുള്ള ബന്ധുക്കളെ പൊലീസ് സംഭവ
ദിവസം തന്നെ ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിനും ചോദ്യം ചെയ്യലുകള്‍ക്കുമൊടുവിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ബന്ധുക്കളും ആര്‍.എസ്.സ്, ബിജെപി നേതാക്കള്‍ക്കും കൊലപാതകത്തിലെ പങ്ക് വ്യക്തമായതായാണ് സൂചന. സൗദി അറേബ്യയിലെ റിയാദ് ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു കൊണ്ടരിക്കുമ്പോഴാണ് അനില്‍കുമാര്‍ ഇസ്ലാം മതം സ്വീകരിച്ച് ഫൈസല്‍ എന്ന പേര് സ്വീകരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫൈസലിന്റെ അമ്മാവനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഗള്‍ഫില്‍ നിന്നും അവധി കഴിഞ്ഞ് ഞായറാഴ്ച മടങ്ങാനിരിക്കുമ്പോഴാണ് ഫൈസല്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. ഇതിനിടെയില്‍ പൊന്നാനി മഊനത്തുല്‍ ഇസ്ലാമില്‍ വച്ച് ഭാര്യയും മൂന്ന് മക്കളും ഇസ്ലാം മതം സ്വീകരിച്ചു.
പൊന്നാനിയില്‍ നിന്നും മൂന്ന് ആഴ്ച്ചു മുമ്പാണ് കുടുംബം വീട്ടിലെത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷനിലിറങ്ങിയ നെയ്യാറ്റിന്‍കരയിലെ ഭാര്യവീട്ടുകാരെ കൂട്ടികൊണ്ടുവരാന്‍ പോകുന്ന വഴിയില്‍ വച്ചായിരുന്നു ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കിലും ഒറു കാറിലുമായെത്തിയ സംഘം ഫൈസലിനെ പിന്തുടരുന്ന ദൃശ്യം തൊട്ടടുത്ത സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അങ്ങാടിക്കടുത്ത് വച്ചായിരുന്നു സംഘം ക്രിത്യം നടത്തിയത്.
ഫൈസലിന്റെ ബന്ധുക്കളില്‍ ചിലരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവിലെത്തിച്ചത്. ഫൈസലിന്റെയും കുടുംബത്തിന്റെയും മതംമാറ്റം ആര്‍എസ്എസ് പ്രവര്‍ത്തകരായ ബന്ധുക്കള്‍ ചേര്‍ന്ന് പലതവണ ചര്‍ച്ച ചെയ്തിരുന്നു. ഫൈസലിന്റെ അമ്മ,
സഹോദരി എന്നിവരും ഇസ്ലാം മതവുമായി മാനസികമായി പൊരുത്തപ്പെട്ടിരുന്നു. മറ്റു കുടുംബാംഗങ്ങളും മതം മാറുമോയെന്ന ആശങ്ക വര്‍ദ്ധിച്ചതോടെ ബന്ധുക്കളില്‍ ചിലരുടെ എതിര്‍പ്പിന് മൂര്‍ച്ഛകൂടി. സൗമ്യസ്വഭാവക്കാരനായ ഫൈസല്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം വേണ്ടപ്പെട്ടവനായിരുന്നു. ആരും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് ഫൈസലിന്. എന്നാല്‍ മതമൗലികവാദം തലക്കു പിടിച്ച ബന്ധുക്കളില്‍ ചിലര്‍ ബന്ധത്തിനു വില കല്‍പ്പിച്ചിരുന്നില്ല. ഫൈസലിന്റെ സഹോദരനും സഹോദരീ ഭര്‍ത്താവും എതിര്‍പ്പ് പ്രകടമാക്കിയിരുന്നു.
കുടുംബാംഗങ്ങള്‍ കൂട്ടത്തോടെ മതം മാറുന്നുവെന്ന് ആര്‍.എസ്.എസിന്റെ പ്രാദേശിക നേതൃത്വത്തെയും മേല്‍ഘടകങ്ങളെയും അറിയിച്ചു.തുടര്‍ന്ന് പുറം നാട്ടുകാരായ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പലതവണ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും മറ്റു ബന്ധുക്കളുടെ അടുത്തും എത്തിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഈ രണ്ട് ആര്‍എസ്എസ് നേതാക്കളെ അറിയില്ലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ജില്ലയിലെ ഉയര്‍ന്ന രണ്ട് ആര്‍എസ്എസ് നേതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് ഫൈസലിനെതിരെയുള്ള കൃത്യം ആസൂത്രണം ചെയ്തത്.
കൊലപാതക സംഘത്തിലുണ്ടായിരുന്നവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നു തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൊലപാതകം നടത്തിയവര്‍ ജില്ലയുടെ വിവിധ ഭാഗത്തുള്ളവരാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഫൈസല്‍ കൊല കേസില്‍ ഇന്നോ നാളെയോ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പത്തോളം പേരില്‍ നിന്നും സംഭവത്തിലെ മുഴവന്‍ പ്രതികളെയും പിടികൂടാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.