മലപ്പുറം: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫൈസലിന് വര്‍ഗീയ സംഘടനകളുടെ ഭീഷണി നേരത്തെ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ തന്നെ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എല്ലാം അള്ളാഹുവിന് സമര്‍പ്പിച്ച തനിക്ക് ഭയമില്ലെന്നുമായിരുന്നു ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞത്. മതം മാറുകയും മറ്റുള്ളവരെയും ഇസ്ലാമാക്കിയതും ഫൈസിലെ ഇല്ലാതാക്കുന്നതിലേക്കുള്ള കാര്യങ്ങളിലേയ്ക്ക് നയിച്ചത്.
സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോകുന്നതിന്റെ തലേന്ന്, ശനിയാഴ്ച പുലര്‍ച്ചെയാണ് ഫൈസല്‍ കുത്തേറ്റ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍നിന്ന് വരികയായിരുന്ന ഭാര്യവീട്ടുകാരെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുമ്പോഴാണ് ഫൈസല്‍ ആക്രമിക്കപ്പെട്ടത്. ആറുവര്‍ഷമായി സൗദിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ് അയാള്‍. മതം മാറിയതല്ലെ, ഫൈസല്‍ മറ്റുള്ളവരെ മതം മാറ്റാന്‍ പ്രേരിപ്പിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എട്ടുമാസം മുമ്പ് റിയാദില്‍വച്ചാണ് നായര്‍ വിഭാഗത്തില്‍പ്പെട്ട അനില്‍ കുമാര്‍ ഇസ്ലാം മതം സ്വീകരിച്ചതും ഫൈസല്‍ എന്ന് പേരുമാറ്റിയതും. ഓഗസ്റ്റില്‍ നാട്ടിലെത്തിയ ഫൈസല്‍ ഭാര്യ പ്രിയയെയും മൂന്ന് മക്കളെയും ഇസ്ലാമിലേക്ക് മാറ്റിയിരുന്നു. അമ്മ മീനാക്ഷിയെയും ഇസ്ലാം മതത്തില്‍ ചേര്‍ക്കണമെന്ന് ഫൈസല്‍ ആഗ്രഹിച്ചിരുന്നുവെന്നും താന്‍ സൗദിക്ക് പോകുന്നതിന് മുമ്പ് അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രദേശത്തെ പുരോഹിതനോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഫൈസലിന്റെ കുടുംബത്തില്‍ മതം മാറിയവര്‍ വേറെയുമുണ്ട്. ഇവരുടെ അമ്മാവനും കുടുംബവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അവരിപ്പോഴും മലപ്പുറത്ത് ജീവിക്കുകയും ചെയ്യുന്നു. ഒട്ടേറെപ്പേര്‍ മതം മാറിയിട്ടും തന്റെ മകനെ മാത്രം കൊന്നതെന്തിനാമെന്നാണ് ഫൈസലിന്റെ മാതാപിതാക്കളായ മീനാക്ഷിയും കൃഷ്ണന്‍ നായരും ചോദിക്കുന്നത്. ആരും നിര്‍ബന്ധിച്ചിട്ടല്ല മകന്‍ മതം മാറിയതെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു അത്. എന്നാല്‍, തന്റെ മകന്റെ തീരുമാനത്തില്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണന്‍ നായരും ഭാര്യ മീനാക്ഷിയും കൂലിപ്പണിക്കാരാണ്. ഇവര്‍ കുടുംബവീട്ടിലാണ് കഴിയുന്നത്. ഫൈസലും ഭാര്യയും മക്കളും അടുത്തുതന്നെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മൂന്നുമക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. എല്ലാവരും പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുരുന്നുകള്‍.
ഫൈസലിന്റെ ഘാതകരെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവിലെ സംശയങ്ങള്‍ ബലപ്പെടുത്തും വിധം തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ഫൈസലിന്റെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായാണ് പൊലീസിനു ലഭിച്ച വിവരം. അതേസമയം ഇവര്‍ നേരിട്ട് കൃത്യം നടത്തിയിരുന്നില്ലെന്നും പ്രൊഫഷണല്‍ ടീമാണ് കൊലനടത്തിയതെന്നുമാണ് നിഗമം. കൊലനടത്തിയ സംഘത്തിന് ഏതെങ്കിലും സംഘടനകളുമായുള്ള ബന്ധവും തള്ളിക്കളയുന്നില്ല. ക്രമസമാധാനം കണക്കിലെടുത്ത് ഇവരുടെ പൂര്‍ണ വിവരം പൊലീസ് പുറത്തു വിടാന്‍ തയ്യാറായിട്ടില്ല. ഇസ്ലാം മതം സ്വീകരിച്ച ഫൈസലിനെ കൊടിഞ്ഞി ഫാറൂഖ് നഗര്‍ അങ്ങാടിക്കടുത്ത് വച്ച് ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അതിക്രൂരമായി ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ മൃതദേഹം കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തുകയും കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയുമായിരുന്നു.
സൗദി അറേബ്യയിലെ റിയാദ് ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസല്‍ ഇസ്ലാമിനെ കുറിച്ച് ഇക്കാലയളവില്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും ഇസ്ലാം മതം സ്വീകരിച്ച അനില്‍കുമാര്‍ ഫൈസല്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ജോലി സ്ഥലത്ത് നിന്നും ഫൈസല്‍ ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് ഇന്നാണ് ജോലിസ്ഥലത്തേക്ക് തിരിക്കേണ്ടിയിരുന്നത്. ഗള്‍ഫിലുള്ളപ്പോള്‍ തന്നെ ഭാര്യയും മക്കളും ഖുര്‍ആന്‍ പഠനം ആരംഭിച്ചിരുന്നു.
ഫൈസല്‍ നാട്ടിലെത്തിയ ശേഷം ഭാര്യയെയും മക്കളെയും മതം മാറ്റുകയുണ്ടായി. ഇതില്‍ ഫൈസലിന്റെ കുടുംബത്തില്‍പ്പെട്ട ചിലര്‍ കടുത്ത ഭാഷയില്‍ എതിര്‍ക്കുകയുണ്ടായി. ഇത് പല സൃഹൃത്തുക്കളോടും ഫൈസല്‍ പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ഭാര്യയുടെ വീട്ടുകാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും കാര്യമായ എതിര്‍പ്പിന് അവര്‍ മുതിര്‍ന്നില്ല.
റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ ബന്ധുക്കളെ കൂട്ടികൊണ്ടു വരാന്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകം. ഇത് മുന്‍കൂട്ടി അറിഞ്ഞ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഫൈസലിന്റെ കുടുംബത്തില്‍പ്പെട്ട ചിലരുടെ സഹായം കൊലയാളി സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. സംഘത്തില്‍പ്പെട്ടവരുടെ ഫോണിലേക്കു വന്ന കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുള്ളത്. കൊടിഞ്ഞി പാല പാര്‍ക്കില്‍ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത്.