ഹിന്ദുത്വ വെബ്‌സൈറ്റുകളുടെ വ്യാജ ആരോപണങ്ങളുടെ പുറത്ത് ഹജ്ജ് യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു; 2000 രൂപയുടെ പുതിയ നോട്ടുമായി ഹജ്ജിന് പോകാനാകില്ല

കോഴിക്കോട്: കറന്‍സി സുരക്ഷയുടെ പേരില്‍ ഹജ്ജിന് പോകുന്നവര്‍ക്കെതിരെ കേന്ദ്രത്തിന്റെ വര്‍ഗ്ഗീയ നടപടിയെന്ന് ആരോപണം. ഹജ്ജ് തീര്‍ത്ഥാടകര്‍ 2000രൂപയുടെ നോട്ട് കൈവശം വെക്കരുതെന്ന കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ നിര്‍ദ്ദേശമാണ് വിവാദമാകുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച ഹജ്ജ് വളണ്ടിയര്‍മാരുടെ പരിശീലന ക്ലാസിലാണ് നോട്ടിന്റെ കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് വിവിധ ഹജ്ജ് കമ്മറ്റികള്‍ക്ക് സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ കറന്‍സി സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നടപടിയെന്നാണ് പറയുന്നത്.

വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാക്കി വ്യാജനോട്ടു പുറത്തിറക്കുന്നത് തടയാനാണ് ഈ അസാധാരണ നടപടിയുടെ വിശദീകരണം. ഒരു തീര്‍ത്ഥാടകന് പരമാവധി ഇരുപത്തിഅയ്യായിരം രൂപയാണ് കൈവശം വെക്കാവുന്ന തുക. ഇതില്‍ രണ്ടായിരത്തിന് മാത്രമാണ് വിലക്കുള്ളത്. പുതിയ അഞ്ചൂറ് രൂപനോട്ടുകള്‍ കൊണ്ടുപോവുന്നതില്‍ പ്രശ്‌നമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മറ്റുയാത്രക്കാര്‍ 2000രൂപ നോട്ട് കൊണ്ടുപോകുന്നതിന് വിലക്കില്ല. ദിനപ്രതി നൂറുകണക്കിന് ഇന്ത്യക്കാര്‍ ഇന്ന് സൗദിയടക്കമുള്ള രാജ്യങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നുണ്ട്. അവര്‍ക്കാര്‍ക്കും ഇല്ലാത്ത നോട്ടു വിലക്ക് ഹജ്ജ് യാത്രികരില്‍ അടിച്ചേല്‍പ്പിച്ചത് ദുരുദ്ദേശ്യപരമാണെന്നാണ് ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം അനുസരിക്കുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഹജ്ജ് കമ്മറ്റി അധികൃതര്‍ നല്‍കുന്ന അനൗദ്യോഗി വിശദീകരണം.

ഹജ്ജ് യാത്രികര്‍ക്ക് 2000രൂപ വിലക്കിയത് ചില തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. ഹജ്ജ് ഒരു മറയാക്കി വന്‍ തോതില്‍ ഇന്ത്യന്‍ കറന്‍സി സൗദിയിലേക്ക് കടത്തി, കള്ളനോട്ടിനായുള്ള ബ്‌ളൂപ്രിന്റാക്കി പാക്കിസ്ഥാനിലേക്ക് കടത്തുന്നുവെന്ന് തീവ്ര ഹിന്ദുത്വമുഖമുള്ള ചില വെബ് സൈറ്റുകള്‍ നേരത്തെ ആരോപിച്ചിരുന്നു. വസ്തുതകളില്ലാത്ത ഈ ആരോപണത്തെ ശരിവെക്കുന്നതരത്തിലാണ് പുതിയ തീരുമാനം.

പക്ഷേ സൗദിയില്‍ ഇങ്ങനെയൊരു നോട്ട് ശേഖരിക്കുന്ന കേന്ദ്രമുണ്ടെങ്കില്‍ ജോലി ആവശ്യാര്‍ഥം മറ്റും അങ്ങോട്ട് പോവുന്ന മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് എന്തുകൊണ്ട് നോട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ല എന്ന പ്രസക്തമായ ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. മാത്രമല്ല ഹജജിനുപോവുന്നവര്‍ കറന്‍സി വിമാനത്താവളത്തില്‍ തന്നെ സൗദി റിയാല്‍ ആക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ കറന്‍സി സുരക്ഷയെന്ന വാദമൊന്നും നിലനില്‍ക്കുന്നില്ല. അപ്പോള്‍ പിന്നെ ഹജ്ജ് യാത്രികരെ അപമാനിക്കാനും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുവാനുമാണ് ഈ പരിപാടിയെന്ന് പല മുസ്ലിം ആക്റ്റീവിസ്‌ററുകളും ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്തായാലും ഹജ്ജ് സബ്‌സിഡി വിവാദംപോലെ തന്നെ ഈ വിഷയവും വരും ദിനങ്ങളില്‍ കൊഴുക്കുമെന്ന് ചുരുക്കം. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാണമെന്ന സംഘപരിവാര്‍ ശക്തമായ കാമ്പയിന്‍ നടത്തി വരികയാണ്. അതിനിടെ മന്ത്രി കെ.ടി ജലീലിനെപ്പോലുള്ളവരും ഈ അഭിപ്രായത്തോട് യോജിച്ചിരുന്നു.

സമുദായനേതാക്കള്‍ യോഗം ചേര്‍ന്ന് ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വെക്കേണ്ട കാലം അതിക്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെതന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ചില മുസ്ലിം സംഘടനകള്‍ ജലീലിനെതിരെ തിരഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായത്തില്‍ യാതൊരുമാറ്റവും വന്നിട്ടില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

സബ്‌സിഡിയുടെ കാര്യത്തില്‍ വാശിപ്പുറത്ത് അഭിപ്രായപ്രകടനം നടത്തേണ്ടകാര്യമില്ല. ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് മുമ്പായി വേണ്ടെന്നുവെക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോകണമെന്നും മന്ത്രി ജലീല്‍ നേരത്തെ കോഴിക്കോട്ട് വെച്ച് പറഞ്ഞിരുന്നു.

ഹജ്ജ് സബ്‌സിഡി വിഷയത്തില്‍ മുസ്ലിം സമുദായത്തിലെ പണ്ഡിതരില്‍തന്നെ രണ്ടഭിപ്രായമുണ്ട്. വേണ്ടെന്നുവെക്കണമെന്നതാണ് ഭൂരിപക്ഷാഭിപ്രായം. ഏതെങ്കിലുമൊരു വ്യക്തിയുടെ തെറ്റായമാര്‍ഗത്തിലൂടെയുള്ള പണം മഹത്തായ ഹജ്ജ് കര്‍മത്തില്‍ ഉള്‍പ്പെടരുതെന്ന മുന്‍കരുതലാണ് ഇത്തരമൊരു പരാമര്‍ശത്തിന് പിന്നില്‍. ഓരോ വര്‍ഷവും ഹജ്ജ് സബ്‌സിഡി കുറഞ്ഞുവരുകയാണെന്നും 2022 ആകുമ്പോഴേക്ക് പൂര്‍ണമായും നിര്‍ത്തലാകുമെന്നും എം.ഇ.എസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് കെ.ടി ജലീല്‍ വ്യക്മാക്കിയിരുന്നു.

Top