കുപ്പി ഒറിജിനല്‍ മദ്യം വ്യാജം: ന്യൂ ഇയര്‍ ആഘോഷിക്കാന്‍ രാജ്യത്ത് ഒഴുകിയത് ഒറിജിനലിന്റെ കുപ്പിയിലെ വ്യാജമദ്യം; അബ്‌സാന്തും ജോണിവാക്കറിലും കൂട്ടിച്ചേര്‍ത്തത് നാടന്‍ വ്യാജമദ്യമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി രാജ്യത്തെ ഡിസ് ലറികളില്‍ നിന്നു പുറത്തേയ്‌ക്കൊഴുകിയത് കോടികളുടെ വ്യാജമദ്യമെന്നു റിപ്പോര്‍ട്ട്. വിദേശത്തു നിന്നു ഇറക്കുമതി ചെയ്തതെന്ന പേരില്‍ മുന്തിയ ബ്രാന്‍ഡ് കുപ്പികള്‍ക്കുള്ളില്‍ നിറച്ച് ഒഴുകിയത് വ്യാജമദ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനം അടക്കമുള്ള വിവിധ സ്ഥലങ്ങളിലെ വന്‍കിട ക്ലബുകളില്‍ എക്‌സൈസ് വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുന്തിയ ഇനം വിദേശമദ്യകുപ്പികള്‍ക്കുള്ളില്‍ നിറച്ച വ്യാജമദ്യത്തിന്റെ സാമ്പിളുകള്‍ അധികൃതര്‍ കണ്ടെത്തിയത്.
ജോണിവാക്കറിന്റെയും അബസാന്തിന്റെയും അബ്‌സല്യൂട്ടിന്റെയും കുപ്പികളിലാണ് വ്യാജമദ്യം നിറച്ചതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനം അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ വന്‍ തോതില്‍ കൂടിയ ഇനം വിദേശമദ്യകുപ്പികള്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ റെയ്ഡ് നടത്തിയത്. എക്‌സൈസ് അനുമതി നല്‍കിയതല്ലാത്ത സ്ഥലങ്ങളില്‍ മുന്തിയ ഇനം വിദേശമദ്യം എത്തിച്ചതായും സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡല്‍ഹി എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
ഇത്തരത്തില്‍ വിദേശമദ്യകുപ്പികളില്‍ ബാര്‍കോടും വ്യാജമായി ചേര്‍ത്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ മദ്യം മുന്തിയ ഇനം കുപ്പികളില്‍ നിറച്ചു വില്‍പന നടത്തിയ സംഭവത്തില്‍ നാലു കേസുകളാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നൂറിലേറെ മദ്യം നിറച്ച കുപ്പികളും നിരവധി ബാര്‍കോഡുകളും കണ്ടെത്തിയിട്ടുമുണ്ട്.
വിലകൂടിയ മുപ്പതിലേറെ വിദേശ മദ്യബ്രാന്‍ഡുകളാണ് വ്യാജ മദ്യം നിറച്ചു കുപ്പികളിലാക്കി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു വില്‍പന നടത്തിയിരുന്നത്. സംഭവത്തില്‍ അധികൃതര്‍ ആരെയും പിടികൂടിയിട്ടില്ലെങ്കിലും ന്യൂ ഇയര്‍ വില്‍പനയ്ക്കായാണ് വന്‍ തോതില്‍ മദ്യം എത്തിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Top