കൊച്ചി: സ്‌കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തി. പൊലീസുകാര്‍ ഗൂഢാലോചന നടത്തി ബസ് ഡ്രൈവറെ പ്രതിയാക്കുകയായിരുന്നെന്നും പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റതിന് തെളിവുണ്ടെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. മര്‍ദനമേറ്റ ഡ്രൈവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശയുണ്ട്.
കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് സ്‌കൂള്‍ ബസ് ഡ്രൈവറായ കെ.എസ്. സുരേഷ് കുമാറിനെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ സ്ഥിരമായി യാത്രചെയ്തിരുന്ന അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. എന്നാല്‍ അന്നു വൈകുന്നേരം തന്നെ വളരെ ഗുരുതരമായി പരുക്കേറ്റനിലയില്‍ സുരേഷിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുരേഷിന്റെ നട്ടെല്ലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. എട്ടുമാസത്തോളം എഴുന്നേറ്റു നടക്കാനാകാത്ത അവസ്ഥയിലായിരുന്ന സുരേഷ് ഇപ്പോഴും ചികില്‍സയിലാണ്.
പീഡനക്കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും സുരേഷിനെ വളരെ ക്രൂരമായി മര്‍ദിച്ചെന്നും അന്വേഷണത്തില്‍ പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തി. സുരേഷിനെ മര്‍ദ്ദിച്ച എസ്‌ഐ ജോസഫ് സാജന്‍, അഡീഷണല്‍ എസ്‌ഐ പ്രകാശന്‍, സിവില്‍ പൊലീസ് ഓഫിസര്‍ രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. പീഡനം നടന്നുവെന്ന് പറയുന്ന ഇടപ്പള്ളി മുതല്‍ മാമംഗലം വരെയുള്ള ദൂരം വാഹനത്തില്‍ സഞ്ചരിച്ചും ജസ്റ്റിസ് നാരായണക്കുറുപ്പ് തെളിവെടുത്തു. പൊലീസ് പറയുന്ന ഈ ദൂരപരിധിക്കുള്ളില്‍ പീഡനം നടക്കില്ലെന്നും ഉറപ്പാക്കി.
ദീര്‍ഘനാളത്തെ ചികില്‍സകൊണ്ടുമാത്രമേ സുരേഷിന് ആരോഗ്യം വീണ്ടെടുക്കാനാകുകയുള്ളൂ. ഇതിനാല്‍ അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കണമെന്നും അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ െചയ്തു. എന്നാല്‍, 50 ലക്ഷം രൂപ വരെ സുരേഷിനു നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശമുണ്ടെന്നും അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, പീഡിപ്പിച്ചെന്ന കേസിനുപിന്നില്‍ ഈ കുട്ടിയുടെ പിതാവും സുരേഷുമായുള്ള തര്‍ക്കമാണെന്നും അതോറിറ്റി കണ്ടെത്തി. കുട്ടിയുടെ പിതാവിന് ആരോപണവിധേയനായ ഒരു പൊലീസുകാരനുമായി 14 വര്‍ഷത്തെ അടുത്ത പരിചയമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഈ ബന്ധവും സുരേഷിനെ ഗുരുതരമായി പരുക്കേല്‍പ്പിക്കാന്‍ കാരണമായി. പൊലീസ് ഉദ്യോഗസ്ഥര്‍ സുരേഷിനെ മര്‍ദിച്ചതിന്റെ മെഡിക്കല്‍ രേഖകള്‍ അടക്കമുള്ളവയും അതോറിറ്റി പരിശോധിച്ചു.