മോഷ്ടിച്ച രേഖകള്‍ ഉപയോഗിച്ചു ഐഎസ് പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കുന്നു; ജാഗ്രത പുലര്‍ത്തണമെന്നു രാജ്യങ്ങള്‍ക്കു നിര്‍ദേശം

ലണ്ടന്‍: ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും സിറിയയില്‍ നിന്നും മോഷ്ടിച്ച രേഖകളും വിവരങ്ങളും ഉപയോഗിച്ചു ഐഎസ് ഭീകരര്‍ പാസ്‌പോര്‍ട്ട് നിര്‍മിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു ഫ്രാന്‍സില്‍ കടന്നു കയറിയ ഭീകരരാണ് പാരിസ് ആക്രമണം നടത്തിയതെന്നാണ് ഇപ്പോള്‍ യുഎസ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അടുത്ത ലക്ഷ്യം ഇന്ത്യയാണെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കൂടുതല്‍ കര്‍ശന നിരീക്ഷണം പാലിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ യുഎസ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഫ്രഞ്ച് ആഭ്യന്തരകാര്യ മന്ത്രി ബെര്‍ണാഡ് കാസെന്‍വ്യൂവി ഇപ്പോള്‍ രാജ്യത്തെ ആഭ്യന്തര ഏജന്‍സികള്‍ക്കു സുരക്ഷാ നിര്‍ദശം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിച്ച സാഹചര്യം കണ്ടെത്തുന്നതിനും ഇത്തരത്തില്‍ കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കുന്നതിനുള്ള രേഖകള്‍ ലഭിക്കുന്നതിനുമായി ഫ്രഞ്ച് ഏജന്‍സികള്‍ ഇപ്പോള്‍ ഗ്രീസിലേയ്ക്കു പരിശോധനയ്ക്കായി തിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മോഷ്ടിച്ചെടുത്ത പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തുന്നതിനും ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിനാണ് ഇപ്പോള്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാരിസില്‍ അക്രമം നടത്താനെത്തിയ തീവ്രവാദികള്‍ അഭയാര്‍ഥികള്‍ കടന്നു വരുന്ന വഴിയിലൂടെയാണ് രാജ്യത്ത് കടന്നു കയറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ഉപയോഗിച്ചത് സിറിയയിലെ വ്യാജപാസ്‌പോര്‍ട്ട് ആയിരുന്നു താനും. ഈ സാഹചര്യത്തിലാണ് ഗ്രീസില്‍ അടക്കം വ്യാപകമായ രീതിയില്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്. ഇറാഖിലും സിറിയയിലും അടക്കമുള്ള രാജ്യങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ ഫെയ്ക് പാസ്‌പോര്‍ട്ട് നിര്‍മാണം കണ്ടെത്തിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചു പാസ്‌പോര്‍ട്ട് ഡോക്യുമെന്റുകളും രേഖകളും ഫോട്ടോമാറ്റി ഒട്ടിച്ചു തയ്യാറാക്കുകയാണ് ചെയ്യുന്നത്. പതിനെട്ടു ലക്ഷത്തോളം രേഖകളാണ് ഇത്തരത്തില്‍ ഐഎസ് തീവ്രവാദികളുടെ പക്കല്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

Top