കൊച്ചി; ഏജന്റുമാരുടെ വലയില്‍ കുടുങ്ങി വിദേശത്ത് വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായെത്തിയ മലയാളി നഴ്‌സുമാര്‍ കുരുക്കില്‍. നിരവധി പേര്‍ വ്യാജ എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ജയിലിലായതായാണ് റിപ്പോര്‍ട്ടകള്‍
ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്നു നഴ്സുമാര്‍ ജിദ്ദയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചു കഴിയുകയാണ്. തൊഴില്‍ പരിചയം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സൗദിയില്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇവരെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ഈ കെണിയില്‍ വീണവരാണ് ഇപ്പോള്‍ സൗദി ജയിലില്‍ നരകയാതന അനുഭവിച്ചു കഴിയുന്നത്. പുതുപ്പള്ളി, കറുകച്ചാല്‍, വാഴൂര്‍ സ്വദേശിനികളാണ് ഏജന്റുമാരുടെ തട്ടിപ്പില്‍ പെട്ട് മൂന്നുമാസത്തോളമായി ജിദ്ദയിലെ തായിഫ് ജയിലില്‍ കഴിയുന്നത്.
വീട്ടുകാരില്‍ പലരും ഇവര്‍ ജയിലിലാണെന്ന വിവരം ഇനിയും അറിഞ്ഞിട്ടില്ല. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലിക്കായി നാട്ടില്‍ നിന്ന് സ്വകാര്യ ട്രാവല്‍ ഏജന്റുമാരാണു മൂന്നു പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജോലിക്കു കയറിയശേഷം സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യല്‍റ്റിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ഇതു വ്യാജമാണെന്നു കണ്ടെത്തിയത്.
മൂന്നു മാസമായിട്ടും ഇവരുടെ മോചനത്തിന് നടപടിയായില്ല. സൗദി പൊതുമാപ്പ് ആനുകൂല്യം മുതലാക്കി നാട്ടിലേക്കു തിരികെപ്പോരാന്‍ ശ്രമിച്ചെങ്കിലും കേസുള്ളതിനാല്‍ സാധിച്ചിട്ടില്ല. നഴ്സുമാരുടെ മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടികള്‍ എങ്ങുമെത്തിയില്ലെന്നാണു നാട്ടിലെ ബന്ധുക്കളുടെ പരാതി.
സമാന കേസില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞശേഷം ചില മലയാളി നഴ്സുമാര്‍ പുറത്തിറങ്ങിയിരുന്നു. ഒരുമാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഈ നഴ്സുമാര്‍ ജയിലില്‍ നിന്നും മോചിതരായത്. എന്നിട്ടും കോട്ടയം സ്വദേശിനികളുടെ മോചനം വൈകുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ സൗദിയിലേക്കു പോയത്. കേസ് അവസാനിച്ചാല്‍ മാത്രമേ അവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ .
ആരോഗ്യമന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരം നഴ്‌സുമാര്‍ സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കമ്മീഷന്‍ നടത്തിയ വിശദമായ പരിശോധനയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്നും ഏജന്റുമാരാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്. ജോലി ലഭിക്കാന്‍ വേണ്ടി ഇവര്‍ ഇക്കാര്യത്തിന് കൂട്ടു നില്‍ക്കുകയും ചെയ്തു.
നഴ്സുമാരുടെ മോചനത്തിനായി കോണ്‍സുലര്‍ സംഘം നേരത്തെ തടവില്‍ കഴിയുന്ന നഴ്‌സുമാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മോചനത്തിന് വേണ്ട നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സംഘം പറഞ്ഞു. സൗദിയിലെ തായിഫ് ജയിലില്‍ ഇവരെ കൂടാതെ മറ്റു ചില മലയാളികളും മോചനംകാത്തു കഴിയുന്നുണ്ട്. 25ഓളം ഇന്ത്യക്കാരാണ് ജയിലില്‍ കഴിയുന്നത്.