ക്രൈം റിപ്പോർട്ടർ
കൊച്ചി: ഫെയ്‌സ് ബുക്കിലെ വ്യാജ ഐഡിയിലൂടെ പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് വ്യാജ ഫെയ്‌സ് ബുക്ക് ഐഡിയിലൂടെയ അഞ്ഞൂറിലേറെ പേരുടെ പണം തട്ടിയെടുത്തതായാണ് ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
വ്യാജ ഫെയ്‌സ് ബുക്ക് ഐഡിയിലൂടെ യുവാക്കളെയും മധ്യവയസ്‌കരെയും വീഴ്ത്തുന്ന സംഘമാണ് സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്നത്. പെൺകുട്ടികളെ ഉപയോഗിച്ചു പണം തട്ടുന്നതിനായി ആയിരത്തി അഞ്ഞൂറിലേറെ പെൺകുട്ടികളുടെ വ്യാജ പ്രൊഫൈലുകളാണ് ഇപ്പോൾ വ്യാജസംഘം സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ സൃഷ്ടിച്ചിരിക്കുന്ന വ്യാജ പ്രൊഫൈലുകളിലൂടെ യുവാക്കളുമായി സംഘം ആദ്യം സൗഹൃദം സ്ഥാപിക്കും.
തുടർന്നു പെൺകുട്ടികളുടെ ശബ്ദത്തിൽ സംസാരിക്കുന്ന ആപ്പ് ഉപയോഗിച്ചു യുവാക്കളെ കുടുക്കും. തുടർന്നു ഇവരെ വിവിധ സ്ഥലങ്ങളിൽ വിളിച്ചു വരുത്തിയാണ് പണം തട്ടുന്നത്. വിളിച്ചു വരുത്തിയ ശേഷം ഇവരെ ഭീഷണിപ്പെടുത്തി അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കുന്നതിനു അടക്കം വൻ ഗുണ്ടാ സംഘം തന്നെ പ്രതികൾക്കു പിന്നിലുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഇതുവരെ പത്തിൽ താഴെ പരാതികൾ മാത്രമാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്.
കൊച്ചി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘമാണ് സംഭവത്തിനു പിന്നിലെന്ന സൂചനയാണ് ലഭിക്കുന്നത്. നൈജീരിയൻ തട്ടിപ്പിന്റെ മോഡലിലാണ് സംഘം ഇവിടെ ഗൂഡാലോചന ആസൂത്രണം ചെയ്തിരിക്കുന്നത്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളെല്ലാം നിരീക്ഷണത്തിലാണെന്നു സൈബർ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.