
തിരുവനന്തപുരം: കേരളം പിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടി കിട്ടിയത് സ്വന്തം പാർട്ടി നേതാക്കളിൽ നിന്നു തന്നെ .മെഡിക്കൽ കോളേജ് അഴിമതിക്ക് പുറമെ വ്യാജ രസീത് സംഭവവും ബി.ജെ.പിക്ക് കനത്ത പ്രഹരം ആയിരുന്നു. സെപ്റ്രംബറില് കോഴിക്കോട് ചേര്‍ന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് വ്യാജരസീത് അടിച്ച് പിരിച്ചതിന് സംസ്ഥാന കമ്മിറ്രി അംഗം എം.മോഹനനെ പുറത്താക്കിയതോടെ ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ അവകാശ വാദം പൊളിഞ്ഞു.ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് മുമ്ബും പല സമ്മേളനങ്ങള്‍ക്കും പാര്‍ട്ടി ഫണ്ടിനായി നടന്ന പിരിവുകള്‍ക്കും വ്യാജരസീത് അടിച്ചിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.
കോഴിക്കോട് സമ്മേളനത്തില്‍ വ്യാജരസീത് എന്ന വാര്‍ത്ത ശരിയല്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനം നടത്തിപ്പറഞ്ഞത്. പത്രത്തില്‍ വന്ന രസീത് ഒറിജിനല്‍ ആണെന്നായിരുന്നു നേതാക്കളുടെ വാദം.കോഴിക്കോട് ജില്ലയിലെ കുറ്ര്യാടി മണ്ഡലത്തിലാണ് വ്യാജരസീത് ഉപയോഗിച്ച് പിരിവ് നടന്നത്. പിരിവ് നടത്തിയത് സംബന്ധിച്ച രസീത് പുറത്ത് കൊണ്ടുവന്നതിന് ആര്‍.എസ്. എസ് പ്രവര്‍ത്തകനായ ഒരു സ്വകാര്യ കോളേജ് അദ്ധ്യാപകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് മാനേജ്മെന്റ് അദ്ധ്യാപകനെ ജോലിയില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു.
നേരത്തെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനായിരുന്നു വ്യാജരസീത് സംബന്ധിച്ച അന്വേഷണം നടത്തിയത്. വടകരയിലെ ഒരു പ്രസില്‍ നിന്ന് വളരെക്കാലങ്ങളായി ഒരു സംഘം ബി.ജെ.പിക്കാര്‍ വ്യാജരസീത് അടിക്കാറുണ്ടെന്നായിരുന്നു ആരോപണം. രസീത് അടിച്ചതിന്റെ പണം കിട്ടാതായപ്പോള്‍ ആര്‍.എസ്. എസ് അനുഭാവിയായ പ്രസുടമ പ്രമുഖ നേതാക്കളെ ബന്ധപ്പെട്ടതോടെയാണ് വ്യാജരസീത് കഥ പുറത്തായത്. പല നേതാക്കള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നാ ണ് ആരോപണം. മറ്ര് ജില്ലകളിലേക്കും ഇവിടെ നിന്ന് വ്യാജ രസീത് കൊണ്ടുപോയിട്ടുണ്ടത്രെ.
സംസ്ഥാനകമ്മിറ്രി അംഗം എം. മോഹനനെതിരെ അന്വേഷണം നടത്തിയ കമ്മിഷന്‍ ആദ്യം കുറ്രാരോപിതനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. പ്രസുടമയെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായതായി പറയുന്നു. ബി.ജെ.പി മേഖലാ സംഘടനാ സെക്രട്ടറി കോ.വൈ സുരേഷും ഇതു സംബന്ധിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. തുടര്‍ന്ന് മോഹനന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ മാപ്പ് നല്‍കി പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് കോഴ വിവാദമായതോടെ വ്യാജരസീത് പ്രശ്നവും വീണ്ടും ഉയര്‍ന്നുവന്നത്. ഒരാഴ്ച മുമ്ബ് ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശനും പ്രസ്സുടമയെ കണ്ട് തെളിവെടുത്തിരുന്നു.