ന്യൂഡല്‍ഹി: പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം പുതിയ 2000 രൂപ നോട്ട് ജനങ്ങളിലേക്ക് എത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അധികമാരും പുതിയ 2000 രൂപ കണ്ടിട്ടുമില്ല. പുതിയ 2000 രൂപ നോട്ടിന്റെ കള്ളനോട്ടിറക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ പുതിയ നോട്ടിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വ്യാജനുമിറങ്ങിയെന്നാണ് ചിക്കമംഗളൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ചിക്കമംഗളൂരുവിലെ ഒരു കര്‍ഷകനാണ് അബദ്ധം പിണഞ്ഞത്. പഴയ നോട്ടു മാറ്റാന്‍ ഓടിനടക്കുന്നവരെ, പ്രത്യേകിച്ച് വിദ്യാഭ്യാസം കുറഞ്ഞവരെ കബളിപ്പിക്കുന്നതിനായി, 2000 രൂപ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണു പ്രചരിക്കുന്നത്. ചിക്കമംഗളൂര്‍ പൊലീസ് സംഭവത്തില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ നോട്ടുകള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് കളര്‍ഫോട്ടോ കോപ്പി തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നത് മുതലാക്കിയാണ് തട്ടിപ്പുകാരുടെ വിളയാട്ടം.
പുതിയ 2000 രൂപ നോട്ടുകള്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് അച്ചടിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ പെട്ടുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉള്ളി കര്‍ഷകനായ അശോകിനാണ് 2000 രൂപയുടെ ഫോട്ടോകോപ്പി കിട്ടിയത്. അശോകില്‍ നിന്നും ഉള്ളി വാങ്ങിയ അപരിചിതനാണ് വ്യാജന്‍ നല്‍കി കബളിപ്പിച്ചത്. ഒറിജിനല്‍ നോട്ടിന്റെ ഫോട്ടോ കോപ്പിയാണ് തനിക്ക് കിട്ടിയതെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ് അശോകിനും ബോധ്യമായത്. ഏതായാലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.