തിരുവനന്തപുരം: ലക്ഷ്മിനായരെ അനുകൂലിച്ച് കൈരളി ചാനലില്‍ പൊട്ടിത്തെറിച്ച് മാധ്യമ നിരീക്ഷകന്‍ ഫക്രൂദ്ദിന്‍ അലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കൈരളി പീപ്പിള്‍ ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ലക്ഷ്മി നായരെ എതിര്‍ക്കുന്നവരെ ഫക്രുദ്ദിന്‍ അലി അസഭ്യവര്‍ഷം നടത്തി നേരിട്ടത്.
സമരം നടത്തുന്ന എസ്എഫ്ഐ നേതാവും കോണ്‍ഗ്രസ് നേതാവുമെല്ലാം പങ്കെടുത്ത ചര്‍ച്ചയില്‍ ലക്ഷ്മിനായരുടെ പക്ഷംപിടിക്കാന്‍ ഉദ്ദേശിച്ച് ഫക്രുദ്ദീനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ചര്‍ച്ചയില്‍ അസഭ്യം പറയുന്ന ഘട്ടമെത്തിയിട്ടും ആദ്യം ഇടപെടാതെ ചാനല്‍ അതിന് വളംവച്ചുകൊടുക്കുകയായിരുന്നു എന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്.
വി മുരളീധരന് ഇവിടെ സമരം ചെയ്യാന്‍ എന്താണ് അവകാശമെന്നും കോണ്‍ഗ്രസ്സുകാരും സിപിഐക്കാരും ഇതിന് ചൂട്ടുപിടിക്കുകയാണെന്നുമെല്ലാം പറഞ്ഞ് ഫക്രുദ്ദീന്‍ സിപിഎമ്മിനെയും ലക്ഷ്മിനായരേയും പിന്തുണച്ച് കത്തിക്കയറുന്നതിനിടെ ഇടപെട്ട കോണ്‍ഗ്രസ് നേതാവിനെതിരെ ആയിരുന്നു ഫക്രുദ്ദീന്റെ മര്യാദവിട്ട പെരുമാറ്റം. മുമ്പും ചില ചാനല്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിച്ച ഫക്രുദ്ദീനെതിരെ ഇതോടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നവരെ വേണം പറയാനെന്ന മട്ടിലാണ് പ്രതികരണങ്ങള്‍.
ലോ അക്കാഡമി വിഷയത്തില്‍ സമചിത്തതയോയെ കാര്യങ്ങള്‍ കാണണമെന്നും എന്നാല്‍ ഇവിടെ അതല്ല സംഭവിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഫക്രുദ്ദീന്‍ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങുന്നത്. ഓരോരുത്തര്‍ പറയുന്നതുകേട്ടാല്‍ എസ്എഫ്ഐ ലക്ഷ്മിനായരെ അനുകൂലിക്കുന്നുവെന്നും തോന്നും. കാലാകാലങ്ങളില്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുന്നത് ഇപ്പോള്‍ ഞങ്ങളാണ് വക്താക്കള്‍ എന്ന മട്ടിലാണ് മറ്റുള്ളവര്‍ എത്തുന്നത്.
കാമ്പസ് പിടിച്ചടക്കാന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് ചില ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് ചൂട്ടുപിടിക്കുന്ന പരിപാടികളാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എബിവിപി നേതാവ് മനു എന്റെ സുഹൃത്താണ്. അവന്‍ അവിടെ സത്യാഗ്രഹം കിടന്നാല്‍ എനിക്ക് മനസ്സിലാകും. എന്നാല്‍ മലബാറിലുള്ള, നാപ്പത് അമ്പത് വയസ്സുകഴിഞ്ഞ മുരളീധരന്‍ ഇവിടെ വന്ന് കിടക്കുന്നതിന്റെ ആവശ്യമെന്താ. അതിന്റെ പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇതിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്സും സിപിഐയും. ഇടതുപക്ഷ ക്യാമ്പസ് പിടിച്ചടക്കുകയെന്ന അജണ്ടയാണിതിന് പിന്നില്‍.
ഇത്തരത്തില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും സിപിഐക്കുമെല്ലാമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഫക്രുദ്ദീന്‍ ലക്ഷ്മി നായരെ പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ കൂടുതല്‍ രോഷം പൂണ്ട് കത്തിക്കയറുകയായിരുന്നു.ലക്ഷ്മി നായരെ ഫാക്ച്വലായി വിമിര്‍ശിച്ചോ പക്ഷേ, വന്ന അന്നുതൊട്ട് അവരുടെ ഡ്രസ്സ്, സംസാരരീതി, കുക്കറി ഷോ എന്നിങ്ങനെ ഓരോന്നു പറഞ്ഞാണ് ഓരോരുത്തന്മാര്‍ ഫേസ്ബുക്കിലിട്ട് അലക്കുന്നത്. എന്തു ധാര്‍മിക മര്യാദയാണിത്. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ധൈര്യപൂര്‍വം ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരുടെ തെറ്റ് ചൂണ്ടിക്കാണിക്കാതെ അവരെ വേറൊരു രീതിയില്‍ ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം.
ആത്മാഭിമാനമുള്ള സ്ത്രീയെ സരിത നായരെ പോലെ, രശ്മി നായരെ പോലെ വേറൊരു നായര്‍ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത് കേരളത്തിലെ സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. അവര്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്ക് എന്നു പറഞ്ഞ് ആവേശത്തോടെ അഭിപ്രായ പ്രകടനം നടത്തുന്നതിനിടെയാണ് മറ്റൊരാള്‍ ചര്‍ച്ചയില്‍ ഇടപെടുന്നത്. ഇതോടെ ഫക്രുദ്ദീന്റെ ഭാഷ മാറി. ഇടയ്ക്കുകയറി ഇടപെട്ട കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിനെതിരെ അസഭ്യവര്‍ഷമായിരുന്നു പിന്നീട് കണ്ടത്.
ഒന്നു മിണ്ടാണ്ട് നിക്കെടോ.. നീ പറഞ്ഞപ്പോ ഞാന്‍ ഇടപെട്ടോ… എനിക്ക് നിന്റെ നേതാവിനെ പോലെ കെട്ടിപ്പൊക്കിയ ഇമേജ് വേണ്ട… നീയെനിക്ക് ഒരു ഇമേജും ഉണ്ടാക്കിത്തരണ്ട… ഫക്രുദ്ദീന് ഫക്രുദ്ദീന്റെ നിലപാടുണ്ട്…നിനക്കൊന്നും വസ്തുനിഷ്ഠമായി പറയാന്‍ അറിയില്ല… താനാരാ ഇവിടെവന്ന് ഇങ്ങനെയൊക്കെ പറയാന്‍ … ഊച്ചാളി കോണ്‍ഗ്രസ്സുകാരന്‍…ഒരു ഉഡായിപ്പ് വന്ന് ഊച്ചാളിത്തരം പറയുന്നു… ഇവനാരുവാ… ഇത്തരത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം അസഭ്യവര്‍ഷത്തിലേക്ക് നീണ്ടതോടെ പൊടുന്നനെ ഇരുവരുടേയും മൈക്ക് ഓഫാക്കി പ്രതികരണം സഭ്യതയുടെ പരിധിവിടുന്നു എന്ന് പറഞ്ഞ് അവതാരകന്‍ ചര്‍ച്ച അടുത്തയാളിലേക്ക് തിരിക്കുകയായിരുന്നു.
കുറച്ചുനേരത്തിനു ശേഷം വീണ്ടും മൈക്ക് കിട്ടിയപ്പോഴും ഫക്രുദ്ദീന്‍ പഴയ കാര്യത്തില്‍ പിടിച്ചാണ് തുടങ്ങിയത്. ഞാന്‍ ലക്ഷ്മിനായരുടെ ആളാണെന്ന് വരുത്തി വെള്ളംകലക്കി മീന്‍പിടിക്കുകയെന്ന പോളിസിയാണ് ഇക്കൂട്ടര്‍ക്കെന്നും അതിന്റെ ഭാഗമായാണ് ഞാന്‍ സംസാരിക്കുമ്പോള്‍ ഇയാള്‍ ശബ്ദമുണ്ടാക്കിയതെന്നും ഫക്രുദ്ദീന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഫക്രുദ്ദീന്‍ മദ്യപിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും അസഭ്യവര്‍ഷത്തില്‍ നിന്നുതന്നെ ഇത് മനസ്സിലാകുമെന്നും മറ്റും കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുന്‍ എസ്എഫ്ഐ നേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഷിജു ഖാന്‍, കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീര്‍, സാമൂഹ്യ നിരീക്ഷകന്‍, മാധ്യമ പ്രവര്‍ത്തകന്‍ റജി ലൂക്കോസ്, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.