ചെന്നൈ: പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. കലൈവാണി എന്നാണ് യഥാര്‍ത്ഥ പേര്. അടുത്തിടെ രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിരുന്നു. മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945ലായിരുന്നു ജനനം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവ ഉള്‍പ്പെടെ 19 ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു.
സ്വപ്‌നം എന്ന സിനിമയിലെ ‘സൗരയുഥത്തില്‍ വിടര്‍ന്നൊരു’ എന്നതാണ് മലയാളത്തിലെ ആദ്യ ഗാനം. 1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന സിനിമയിലെ ‘ ബോലേ രേ പപ്പി’ എന്ന ഗാനമാണ് വാണി ജയറാമിനെ പ്രശസ്തയാക്കിയത്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയായ ഇവര്‍ എസ്.ബി.ഐയില്‍ ജോലി ലഭിച്ചിരുന്നു.
മുംബൈ സ്വദേശിയും ഇന്‍ഡോ ബല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ ജയറാമിനെയാണ് വിവാഹം ചെയ്തത്. സിത്താര്‍ വിദഗ്ധനും സംഗീത സ്‌നേഹിയുമായിരുന്ന
ഇദ്ദേഹം സംഗീതരംഗത്ത് വാണി ജയറാമിന് വഴികാട്ടിയും വലിയ പിന്തുണയുമായിരുന്നു.
പുലിമുരുകന്‍ സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ’, ആക്ഷന്‍ ഹീറോ ബിജുവിലെ ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍, ഓലഞ്ഞാലി കുരുവി’ എന്നീ പാട്ടുകളിലൂടെ വാണി ജയറാം മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.