മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു; 467 പേര്‍ ചികിത്സയില്‍

മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. 467 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യവത്മല്‍ ജില്ലയിലാണ് സംഭവം. പരുത്തിച്ചെടിക്ക് കീടനാശിനി അടിക്കുന്നതിനിടെ വിഷവായു ശ്വസിച്ചാണ് കര്‍ഷകര്‍ മരിച്ചത്. പ്രൊഫെഫനൊസ് കീടനാശിനിയാണ് കര്‍ഷകരുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയത്. ചില കര്‍ഷകര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ തന്നെ കര്‍ഷക ആത്മഹത്യയാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സ്ഥലമാണ് യവത്മല്‍. കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും കാരണം ഈ വര്‍ഷം പരുത്തി കൃഷി നഷ്ടമായിരുന്നു. കീടങ്ങളെ പ്രതിരോധിക്കാന്‍ കൂടിയ അളവില്‍ കര്‍ഷകര്‍ കീടനാശിനി ഉപയോഗിക്കാന്‍ തുടങ്ങി. കീടനാശിനി പ്രയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തതുമില്ല. ഇത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ സഹായധനം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ തുക കുറവാണെന്നും 10 ലക്ഷം രൂപയെങ്കിലും നല്‍കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. കര്‍ഷകരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

Top