ഫസല്‍ വധത്തെ കുറിച്ച് പോലീസ് പുറത്ത് വിട്ട മൊഴി രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി; സിപിഎമ്മും പോലീസും ഒത്തുകളിക്കുന്നു

കണ്ണൂര്‍: ഫസല്‍ വധത്തെക്കുറിച്ച് പൊലീസ് പുറത്തുവിട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ മൊഴി രാഷ്ട്രീയ ഗൂഡാലോചനയെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചത് താനുള്‍പ്പെടുന്ന സംഘമാണെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ് വെളിപ്പെടുത്തിയതായി കഴിഞ്ഞദിവസം പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബി.ജെ.പി. നേതൃത്വം ആരോപണവുമായി രംഗത്തെത്തിയത്.

വാളാങ്കിച്ചാലിലെ സി.പി.എം പ്രവര്‍ത്തകന്‍ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ ബി.ജെ.പി. പ്രവര്‍ത്തകന്‍ സുബീഷിനെ മര്‍ദ്ദിച്ചവശനാക്കിയാണ് ഇത്തരത്തിലുള്ള കള്ളമൊഴി മെനഞ്ഞെടുത്തത്. സി.പി.എമ്മുമായി ഗൂഡാലോചന നടത്തി ബി.ജെ.പിക്കാര്‍ക്കെതിരെ കള്ളമൊഴി ഉണ്ടാക്കിയ ഡി.വൈ.എസ്.പിമാരെ സസ്‌പെന്റ് ചെയ്യണം. എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചത് താനടക്കമുള്ള ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന മൊഴി നല്‍കാന്‍ സുബീഷിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.എം പൊലീസ് അസോസിയേഷനിലെ സംസ്ഥാന നേതാക്കന്‍മാരായ രണ്ട് ഡി.വൈ.എസ്.പിമാരാണ് ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. പോലീസ് എഴുതി തയ്യാറാക്കിയ കഥ സുബീഷിന്‍ൈറ മൊഴിയായി ചിത്രീകരിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം സുബീഷിനെ സ്റ്റേഷനില്‍ കൊണ്ടുപോയി തലകീഴായി കെട്ടിതൂക്കി മര്‍ദിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു. ചിറ്റാരിപ്പറമ്പിലെ പവിത്രന്‍, പാറാലി പവിത്രന്‍, പന്തക്കലിലെ രവീന്ദ്രന്‍, കോടിയേരിയിലെ ജിജേഷ് എന്നിവരുടെ കൊലപാതകങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്താനും സുബീഷിനോട് ആവശ്യപ്പെട്ടു.

ഈ തിരക്കഥയാണ് പോലീസ് വീഡിയോയില്‍ പകര്‍ത്തിയത്. എന്നാല്‍ ഇതിന് മുന്‍പും പിന്‍പും പകര്‍ത്തിയ ദൃശ്യങ്ങള്‍ വീഡിയോവില്‍ ഇല്ല. ഇതിന് പിന്നിലെ സത്യം ശാസ്ത്രീയമായി അന്വേഷിക്കണം. സി.പി.എം ഭരിക്കുമ്പോഴാണ് ഫസല്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ അടക്കം മൂന്ന് അന്വേഷണ സംഘങ്ങള്‍ അന്വേഷിച്ചിട്ട് പോലും ബി.ജെ.പി പ്രവര്‍ത്തകരുടെ പങ്ക് വെളിപ്പെട്ടിട്ടില്ല.

ഫസല്‍വധത്തിലെ പ്രതികളായ സി.പി.എം നേതാക്കളെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. പോലീസ് അന്വേഷണത്തില്‍ സി.പി.എം. നേതാവായ കാരായി രാജനടക്കം പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ മോഹനന്‍ വധക്കേസില്‍ സുബീഷിനെ പ്രതിയാക്കികൊണ്ടുള്ള പ്രചാരണങ്ങള്‍ നടക്കുകയും ഇതിനെതിരെ സുബീഷ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

സുബീഷ് എങ്ങനെയാണ് മോഹനന്‍ വധത്തില്‍ പ്രതിയായതെന്ന് സി.പി.എമ്മിന് ലെവി കൊടുക്കുന്ന ഡി.വൈ.എസ്.പി.മാര്‍ പറയണമെന്നും ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, എ.ഒ.രാമചന്ദ്രന്‍, കെ.രഞ്ജിത്ത്, ആര്‍.സ്.എസ്.ജില്ലാ കാര്യവാഹക് എ.പ്രമോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Top