കോഴിക്കോട്: അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ പ്രസവിച്ച മുക്കം ഇഎംഎസ് ആശുപത്രിയിലെ നഴ്‌സിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം മുക്കം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിന് അഞ്ച് ബാങ്ക് വിളിക്ക് ശേഷമേ മുലപ്പാല്‍ കൊടുക്കാവു എന്ന ഭര്‍ത്താവിന്റെ പിടിവാശി വിവാദമായിരുന്നു. ഉസ്താദിന്റെ നിര്‍ദേശപ്രകാരമാണിതെന്ന് പറഞ്ഞ യുവാവ് തന്റെ നിര്‍ദ്ദേശം ലംഘിച്ച് കുഞ്ഞിന് പാല്‍കൊടുത്താല്‍ തലാഖ് ചെല്ലുമെന്നുവരെ ഭീഷണിപെടുത്തിയിരുന്നു.
ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും യുവാവിനോട് സംസാരിച്ചെങ്കിലും 24 മണിക്കുര്‍ കഴിയാതെ പാല്‍ കൊടുക്കില്ലെന്ന വാശിയിലായിരുന്നു. പൊലീസ് എത്തി നിര്‍ബന്ധിച്ചിട്ടും ഇയാള്‍ വഴങ്ങിയില്ല. കൂടാതെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി ഭാര്യയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മുലപ്പാല്‍ നല്‍കാന്‍ ആവശ്യപ്പെട്ട നഴ്‌സ് അടക്കമുള്ളവരെ പിതാവ് തടയുകയും ചെയ്തിരുന്നു.