കോഴിക്കോട്: അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാതശിശുവിനും ക്രൂര പീഡനം. പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്നതിനു പകരം സിദ്ധന്‍ നല്‍കിയ വെള്ളം മാത്രം കൊടുത്താണ് കോഴിക്കോട് ഒരു പിതാവ് ക്രൂരനായത്. എന്നാല്‍ ഇവിടെ തന്റെ പിഞ്ചുകുഞ്ഞിന് മതത്തിന്റെ പേരില്‍ ഒരു പിതാവ് അമ്മിഞ്ഞപ്പാല്‍പോലും നിഷേധിച്ചിരിക്കയാണ്. നവജാത ശിശുവിന് അഞ്ചുബാങ്കുവിളി കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കൂവെന്ന പിതാവിന്റെ വാശി ഉമ്മയെയും ആശുപത്രി അധികൃതരെയും വലക്കുകയാണ്. കോഴിക്കോട്ടെ മുക്കത്ത് ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ടുമണിയോടെയാണ് ഓമശ്ശേരി സ്വദേശിയുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
എന്നാല്‍, കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു. അഞ്ച് ബാങ്കുവിളി കഴിയാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്ന് യുവാവ് ഭാര്യയോടും ആശുപത്രി അധികൃതരോടും പറഞ്ഞു. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ചബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ. ഇത് നവജാത ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂവെന്ന് യുവാവ് വാശി പിടിക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് മുക്കം എസ്.ഐ സലീമിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. ഇവര്‍ സംസാരിച്ചിട്ടും യുവാവ് അന്ധവിശ്വാസത്തില്‍ ഉറച്ചുനിന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ളെന്ന് എഴുതി ഒപ്പിട്ടു നല്‍കിയിരിക്കുകയാണ് ഇയാള്‍.
അതിനിടെ വിഷയം വിവാദമായതോടെ പ്രശ്നത്തില്‍ ഇടപെട്ട നാട്ടുകാര്‍പറയുന്നത് ഇസ്ലാമിക ജീവിതചര്യയില്‍ എവിടെയും അഞ്ചുബാങ്കുവിളി കഴിഞ്ഞിട്ടേ മുലപ്പാല്‍ കൊടുക്കാവൂ എന്ന് പറഞ്ഞിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്.സാധാരണ എല്ലാ മുസ്ലിം സ്ത്രീകളും പ്രസവിച്ച് അല്‍പ്പസമയം തന്നെ കുഞ്ഞിനെ മുലയൂട്ടാറുണ്ട്.അതുകൊണ്ടുതന്നെ ഈ പിതാവിന്റെ നടപടികള്‍ അനിസ്ലാമികവും ശുദ്ധ ഭ്രാന്തുമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.കടുത്ത അന്ധ വിശ്വാസത്തില്‍ കഴിയുന്ന ഇയാള്‍ മുമ്പും ഈ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം നിലപാടുകാരാണ് ഐ.എസ്പോലുള്ള സംഘടനകള്‍ക്ക് വളംവെക്കുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നു.
ഇയാളുടെ ഭാര്യക്കും അവരുടെ വീട്ടുകാര്‍ക്കും യുവാവിന്റെ ചെയ്തിയില്‍ പ്രതിഷേധമുണ്ട്.പക്ഷേ തന്നെ അനുസരിച്ചില്ലെങ്കില്‍ മൊഴിചൊല്ലുമെന്ന് പറഞ്ഞാണത്രേ ഇയാളുടെ ഭീഷണി. ഇന്നലെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവുമെന്ന് പറഞ്ഞ് ഇയാളോട് കരഞ്ഞ് പറഞ്ഞ ഉമ്മയോട് ‘ജപിച്ചൂതിയ വെള്ളം നല്‍കുന്നില്ലേ, എല്ലാം അള്ള കാക്കും ‘ എന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്. അതിനിടെ പ്രശ്നത്തില്‍ ഇടപെടാത്ത പൊലീസിന്റെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും നിലപാടിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് വ്യക്തിക്ക് കടപ്പാട് അയാളുടെ രാജ്യത്തോടാണ്. അതുകൊണ്ട് തന്നെയാണെല്ലോ ആത്മഹത്യ ഇവിടെ കുറ്റകരമാവുന്നതും.
അതിനാല്‍ പിതാവിനെ ഒരു ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത്മാറ്റി, കുഞ്ഞിന് പാലുകൊടുക്കാന്‍ അമ്മയെ അനുവദിക്കയായിരുന്ന വേണ്ടിയിരുന്നത് എന്ന് ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ അഭിപ്രായപെടുകയുണ്ടായി. മറ്റുള്ളവരില്‍നിന്ന് രക്തം സ്വീകരിക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഒരു കൃസ്ത്യന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിലെ ഒരംഗം അപകടത്തില്‍ പെട്ട് ഐ.സി.യുവിലായപ്പോള്‍ അധികൃതര്‍ സ്വീകരിച്ച നിലപാടാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
രോഗിയുടെ ബന്ധുക്കള്‍ രക്തദാനത്തിന് വിസമ്മതിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ അവരെ ജില്ലാകലക്ടറുടെ ഉത്തരവ് പ്രകാരം അവരെ അറസ്റ്റ്ചെയ്ത് നീക്കി രോഗിയുടെ ശരീരത്തിലേക്ക് രക്തം കയറ്റി ജീവന്‍ രക്ഷിച്ച സംഭവം കേരളത്തില്‍ തന്നെ ഉണ്ടായിരുന്നു.അതേപൊലാരു നടപടിയാണ് ഇത്തരം കേസുകളില്‍ വേണ്ടതെന്ന അഭിപ്രായക്കാരാണ് ആശുപത്രി ജീവനക്കാര്‍.