ബൈക്ക് വാങ്ങിനല്‍കാത്തതിന് പിതാവിന്റെ കാലും കയ്യും മകന്‍ തല്ലിയൊടിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. നേരിയ മംഗലം മണിയന്‍പാറ പൊയ്ക്കാട്ടില്‍ ജോളിയുടെ മകനായ അഭിജിത്തെന്ന പത്തൊമ്പതുകാരനെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിജിത്തിനെതിരേ നരഹത്യാ ശ്രമത്തിന് കേസെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
മുംബൈയില്‍ നിന്നും അവധിയ്ക്കു നാട്ടിലെത്തിയ 55കാരനായ ജോളിയുടെ കൈയും കാലും കോടാലിക്കൈ ഉപയോഗിച്ചാണ് അഭിജിത്ത് കഴിഞ്ഞ ദിവസം തല്ലിയൊടിച്ചത്. ബൈക്കു വേണമെന്ന ആവശ്യമുന്നയിച്ച് അഭിജിത്ത് മുമ്പും വീട്ടില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ മാതാവ് സിസിലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് അഭിജിത്തിനെ താക്കീത് ചെയ്തിരുന്നു.
വര്‍ഷങ്ങളായി മുംബൈയില്‍ ടാക്സി ഡ്രൈവറായ ജോളി മകളുടെ വിവാഹാവശ്യത്തിനായി കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ജോളി എത്തിയതോടെ ബൈക്ക് വേണമെന്ന ആവശ്യമുന്നയിച്ച് അഭിജിത്ത് വീണ്ടും വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടെ മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നതിനായി പറമ്പിലെ ആഞ്ചിലി മരം ജോളി മുറിച്ചു വിറ്റിരുന്നു. ഇതേത്തുടര്‍ന്ന് ആഞ്ഞിലിവിറ്റ വകയില്‍ കിട്ടിയ തുകയില്‍ നിന്ന് 50000 രൂപ തനിക്ക് വേണമെന്നു പറഞ്ഞ് അഭിജിത്ത് വീണ്ടും വഴക്കാരാംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്കിന്റെ പേരു പറഞ്ഞുണ്ടായ വഴക്കില്‍ കൈയില്‍ കിട്ടിയ കോടാലിക്കൈ ഉപയോഗിച്ച് അഭിജിത്ത് ജോളിയുടെ കാലും കൈയും അടിച്ചൊടിക്കുകയുമായിരുന്നു.
മാതാവും സഹോദരിയും തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ അഭിജിത്ത് തള്ളിമാറ്റി. വീട്ടില്‍നിന്നു കരച്ചില്‍ കേട്ട് സമീപത്തു താമസിക്കുന്ന സഹോദരനും അയല്‍വാസികളും ചേര്‍ന്നാണ് ജോളിയെ ആശുപത്രിയിലാക്കിയത്. കാലിനും കൈയ്ക്കും ഒടിവുണ്ടായി ഗുരുതരമായ നിലയിലായതിനാല്‍ പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. പഠനം നിര്‍ത്തിയ ശേഷം ജോലിയൊന്നുമില്ലാതെ നില്‍ക്കുന്ന അഭിജിത്ത് ലഹരിയ്ക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ പേരില്‍ ഊന്നുകല്‍ സ്റ്റേഷനില്‍ വേറെയും കേസുകളുണ്ട്.