തൃശൂര്‍: ഒരിക്കലും ആര്‍ക്കും മറക്കാനാവാത്ത കര്‍മയോഗി. പ്രായാധിക്യത്തിലും അനാരോഗ്യം വകവെയ്ക്കാത്ത സേവകന്‍. സാമൂഹികരംഗത്ത് എല്ലാവര്‍ക്കും പ്രചോദനമായ വഴികാട്ടി..അമല മെഡിക്കല്‍ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും പത്മഭൂഷന്‍ പുരസ്കാര ജേതാവുമായ ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ആറിന് അമല ചാപ്പലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് അമലയില്‍ നിന്നും ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമദേവാലയത്തിെലത്തിക്കുന്ന ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് രണ്ടിന് ശുശ്രൂഷ തുടങ്ങും. സംസ്കാരം വൈകീട്ട്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, അമല മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയോരോന്നിനെയും മികച്ച നിലവാരത്തിലെത്തിക്കുകയും ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഫാ. ഗബ്രിയേല്‍ സമ്പന്നമായ ശിഷ്യപരമ്പരയുടെ ഉടമയാണ്. 1939ല്‍ ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴ തിരുഹൃദയപഠനഗൃഹത്തിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്‍. പണ്ഡിതനായ ഡോ. പ്ലാസിഡ് പെരുമാലിെന്‍റ കീഴിലായിരുന്നു പഠനം. 1942 മേയ് 30ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ മോണ്‍സി. ജയിംസ് കളാശ്ശേരിയില്‍ നിന്ന് 28മത്തെ വയസ്സില്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് മാന്നാനത്ത് ലത്തീന്‍-, സുറിയാനി ഭാഷകള്‍ പഠിപ്പിച്ചു.
1944ല്‍ ചങ്ങനാശേരി എസ്.ബി കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേര്‍ന്നു. ഇന്‍റര്‍മീഡിയറ്റിന് യൂനിവേഴ്സിറ്റിയില്‍ രണ്ടാം റാങ്കോടെ പാസായി. 1949-ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം തേവര കോളജില്‍ സുവോളജി വകുപ്പില്‍ അധ്യാപകനായി. 1956 മുതല്‍ 1975വരെ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പലായി. 1968ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കോളജുകളിലൊന്നായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ യു.ജി.സി തെരഞ്ഞെടുത്തപ്പോള്‍ അതിെന്‍റ കരുത്ത് ഗബ്രിയേലച്ചെന്‍റ വ്യാഴവട്ടക്കാലത്തെ പ്രയത്നമാണ്. 1975 ല്‍വിരമിച്ചശേഷം 1978ല്‍ തൃശൂരില്‍ അമല കാന്‍സര്‍ ആശുപത്രിക്ക് രൂപം നല്‍കി.
അധ്യാപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിെന്‍റ സംഭാവന ചെറുതല്ല. കപ്പലിെന്‍റ അടിഭാഗം തുളക്കുന്ന ‘ ഒരിനം പുഴുവിനെ കണ്ടെത്തിയത് അച്ചനുള്‍പ്പെടുന്ന ഒരു സംഘം ഗവേഷകരാണ്. അന്നു മദിരാശി സര്‍വകലാശാലയില്‍ ഗവേഷണം നടത്തിയിരുന്ന ഡോ.ബാലകൃഷ്ണന്‍ നായര്‍ ആ ജീവിക്ക് ‘ബാങ്കിയ ഗബ്രിയേലി’ എന്നു നാമകരണം ചെയ്തു. 103-ാം ജന്മദിനത്തില്‍ സമ്മാനമായി, തേവര കോളജ് ചിലന്തി ഗവേഷണ വിഭാഗം കണ്ടെത്തിയ പുതിയ ചിലന്തിക്ക് ഗബ്രിയേലച്ചന്‍റ പേരുചേര്‍ത്തു ‘സ്റ്റെനിയലുറിലസ് ഗബ്രിയേലി’ എന്നും പേരിട്ടു.
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജ്, ചാലക്കുടി കാര്‍മല്‍ ഹൈസ്കൂള്‍, പാലക്കാട് ഭാരതമാത ഹൈസ്കൂള്‍, കോട്ടയ്ക്കല്‍ സെന്‍റ് തെരേസാസ് കോളജ്, തൃശൂര്‍ വരന്തരപ്പിള്ളിയില്‍ സമാന്തര കലാലയം, അമല കാന്‍സര്‍ റിസര്‍ച് സെന്‍റര്‍, അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്രൈസ്റ്റ് കോളജിനു സമീപം പരിശീലനത്തിനായി സ്നേഹഭവന്‍, ആര്‍ട്സ് കേരള, കാത്തലിക് സെന്‍റര്‍, കോഴിക്കോട് ദീപ്തി ഭവന്‍ എന്നിങ്ങനെ തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയര്‍ച്ചക്ക് പിറകിലെല്ലാം ഗബ്രിയേലച്ചെന്‍റ പരിശ്രമവും പിന്തുണയുമുണ്ട്. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച ആദ്യ കത്തോലിക്ക വൈദികന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായ ആദ്യ വൈദികന്‍, ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രഥമ സി.എം.ഐ സന്യാസി തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാണ് ഫാ.ഗബ്രിയേല്‍.