വയസാംകാലത്ത് നാലാം കെട്ടിനിറങ്ങിയ അച്ഛനെ എന്നാചെയ്യണം, മകള്‍ക്ക് അരിശംകൊണ്ട് ഇരിക്കാനും നില്‍ക്കാനും വയ്യ. എന്നാല്‍ ഇരിക്കട്ടെ ട്വിറ്ററില്‍ ഒരെട്ടിന്റെ പണി. നാലാനമ്മ ദുഷ്ടത്തിയും ദുര്‍മന്ത്രവാദിയുമാണെന്നുംവരെ ഈ മകള്‍ വച്ചുകാച്ചി. സാധാരണക്കാരായ അച്ഛനും മകളുമാണ് കക്ഷികളെങ്കില്‍ ഇതൊരുവാര്‍ത്തയേ ആകുമായിരുന്നില്ല. മകള്‍ ബോളിവുഡിലെ മുന്‍ മിന്നുംതാരം പൂജാ ബേദിയായതോടെ ട്വിറ്റര്‍ ചീത്തവിളി കാര്യമായി. സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുക്കുകയും ചെയ്തു.
സംഭവം ഇത്രയേയുള്ളൂ, സിനിമ ടിവി താരം കബീര്‍ ബേദി 70ാം പിറന്നാള്‍ ദിവസം, ദീര്‍ഘകാല സുഹൃത്തായ പര്‍വീണ്‍ ദുസാഞ്ചിനെ വിവാഹം കഴിച്ചു. സംഭവം മകള്‍ പൂജയ്ക്ക് അത്രയ്ക്കു ദഹിച്ചില്ല. പൂജ ട്വിറ്ററില്‍ കുറിച്ചു, എല്ലാ ശുഭകഥകളിലും ഒരു ദുര്‍മന്ത്രവാദിനി ഉണ്ടാകും, ഒരു ദുഷ്ടയായ രണ്ടാനമ്മ.
രണ്ടുവരി മാത്രമാണ് കുറിച്ചതെങ്കിലും പൂജയുടെ കമന്റ് ബേദിക്കു സഹിച്ചില്ല. അദ്ദേഹം മറു ട്വീറ്റ് പായിച്ചു. എന്തൊരു മകളാണിത്. അമ്മയുടെ സ്ഥാനത്തുള്ള സ്ത്രീയോട് ഇങ്ങനെയൊക്കെ പറയാമോ ഞാന്‍ ആകെ നിരാശനാണ്.
ഇതോടെ പൂജ മുന്‍ ട്വീറ്റ് പിന്‍വലിച്ച് അച്ഛനും നാലാനമ്മയ്ക്കും സുഖമായിരിക്കട്ടെയെന്നാശംസിച്ച് ട്വീറ്റിടുകയും ചെയ്തു. കല്യാണവഴക്ക് നാട്ടുകാരെമുഴുവനറിയിച്ചെങ്കിലും അവസാനം അച്ഛനും മകളും കൈകൊടുത്ത് പിരിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പിള്ളേര്‍ അങ്ങനെ പിരിഞ്ഞുപോകാന്‍ തയാറല്ല. അവര്‍ ഇപ്പോഴും ബേദിയും മകളും തമ്മിലുള്ള വഴക്ക് ആഘോഷമാക്കുകയാണ്.
കബീര്‍ ബേദി ആദ്യം വിവാഹം ചെയ്തത് ഒഡീസി നര്‍ത്തകി പ്രോതിമയെയാണ്. ഇതില്‍ രണ്ടു കുട്ടികളാണ്, പൂജയും സിദ്ധാര്‍ഥും. രണ്ടാമത് ബ്രിട്ടീഷുകാരി സൂസനെ കെട്ടി. പിന്നീട് ടെലിവിഷന്‍ താരം നിക്കിയെ വിവാഹം ചെയ്തു. ഈ ബന്ധം 2005 ലാണ് പിരിഞ്ഞത്. ഒടുവിലായി പര്‍വീണും ബേദിയുടെ ജീവിതത്തിലേക്കു വന്നു.