റായ്പൂര്‍: ദേവിയെ പ്രീതിപ്പെടുത്താനായി പിതാവ് മകനെ ബലികൊടുത്തു. ഛത്തീസ്ഗഢിലെ ബലോഡ ബസാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വപ്നത്തില്‍ ദേവി ആവശ്യപ്പെട്ടെന്ന വിശ്വാസത്താല്‍ ദേവിയെ പ്രീതിപ്പെടുത്താനായി പത്തു വയസ്സുള്ള മകന് കുലേശ്വറിനെ പിതാവായ സരവണ്‍ റായ്കവാര് ആണ് കൊലപ്പെടുത്തിയത്.
അതിരാവിലെ വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുലേശ്വറിനെ വിളിച്ചുണര്‍ത്തി വീട്ടില്‍ നിന്നും ദൂരെയുള്ള ഒരു കുളത്തിനരികിലേക്ക് കൂട്ടിക്കൊണ്ടു പോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ശരീരം തോളില്‍ എടുത്തു വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് സംശയം തോന്നിയ ഒരു സമീപവാസിയാണ് സംഭവം അധികൃതരെ അറിയിച്ചത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സരവണ്‍ സത്യം തുറന്നു പറഞ്ഞത്. സ്വപ്നത്തില്‍ തനിക്ക് ദേവി ദര്‍ശനം ലഭിച്ചുവെന്നും ഭാഗ്യം ലഭിക്കാനായി മകനെ ബലി കഴിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇയാള്‍ പറഞ്ഞു. ഛൈത്ര നവരാത്രി കാലഘട്ടമായതിനാല്‍ ഇപ്പോള്‍ ബലി നടത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ചാണ് താന്‍ ഈ കൃത്യം നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മാനസിക പ്രശ്നങ്ങളാണ് ഇങ്ങനെയുള്ള തോന്നലിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.