
നിലമ്പൂർ: ഒരു കോടി രൂപ വിലമതിക്കുന്ന ഒരേക്കർ സ്വന്തം ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു വൈദികന്‍ സമൂഹത്തിനു മുന്നില്‍ മാതൃകയാകുന്നു. ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം മുൻ സെക്രട്ടറിയും അകമ്പാടം, പനമണ്ണ് സെന്റ് മേരീസ് പള്ളികളുടെ വികാരിയുമായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലാണ് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാകുന്നത്.
അമരമ്പലം പഞ്ചായത്തിൽ രാമംകുത്ത് തൊണ്ടിയിൽ പത്തു വർഷം മുന്‍പ് ഒരേക്കർ 40 സെന്റ് ഭൂമി ഫാ. മാത്യൂസ് വാങ്ങിയിരിന്നു. വെള്ളം, വൈദ്യുതി, റോഡ് സൗകര്യങ്ങളെല്ലാം ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ വില പ്രകാരം ഏക്കറിന് ഒരു കോടി വിലമതിക്കും. റബർ മരങ്ങൾ ടാപ്പ് ചെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചുറ്റിലും നൂറോളം തേക്കുകളുണ്ടായിരുന്നു.
ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ വിധവകൾ, മാറാരോഗികൾ തുടങ്ങിയ പരിഗണനവച്ചു നാട്ടുകാരുടെ കമ്മിറ്റിയാണ് അർഹരെ കണ്ടെത്തിയത്. മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് വീടുനിർമ്മാണത്തിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലത്തു സ്വയംതൊഴിൽ സംരംഭത്തിനും പദ്ധതിയുണ്ട്. ഒരേക്കർ ഭൂമി നാലു സെന്റ് വീതമുള്ള 20 പ്ലോട്ടുകളാക്കി. സാംസ്കാരിക കേന്ദ്രത്തിന് അഞ്ചു സെന്റും പൊതുകിണർ, ജലസംഭരണി എന്നിവയ്ക്കായും സ്ഥലം മാറ്റിവെച്ചിട്ടുമുണ്ട്.