തിരുവനന്തപുരം :ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇക്കാര്യത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് കൊണ്ട് തീവ്രവും നിരന്തരവുമായ തുടര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണെന്നും താൻ വളരെയേറെ ദുഖിതനും നിരാശനുമാണെന്നും അദ്ദേഹം പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്തു വന്നത്. തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണം. താനൊരു ഇന്ത്യാക്കാരനായതിനാലാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ അഭ്യർഥിക്കുന്നുണ്ട്.
മാർച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിലിനെ യെമനിലെ ഏദനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയത്. പിന്നീട് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉൾപ്പടെ ഇദ്ദേഹത്തിന്റെ മോചനത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.